ജയ്പുര്‍: രാജസ്ഥാനില്‍ അമ്മ കാമുകനുമായി ചേര്‍ന്ന് തന്റെ മൂന്ന് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ വ്യാഴാഴ്ചയാണ് സംഭവം.
ശ്രീഗംഗാനഗറിലെ ശാസ്ത്രി നഗര്‍ സ്വദേശികളായ സണ്ണി, സുനിത എന്നിവരാണ് പ്രതികള്‍. സുനിത മകള്‍ കിരണിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കാമുകന്റെ സഹായത്തോടെ ബെഡ്ഷീറ്റില്‍ പൊതിഞ്ഞു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഗംഗാനഗര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും രാവിലെ 6 മണിക്ക് ട്രെയിന്‍ കയറിയ ഇവര്‍ കുട്ടിയുടെ മൃതദേഹം ഫതുഹി റെയില്‍വേ സ്റ്റേഷന് സമീപമുള്ള കനാലിന് മുകളില്‍ നിന്നും വലിച്ചെറിഞ്ഞു. കനാലിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്.
അഞ്ച് കുട്ടികളുടെ അമ്മയായ സുനിത തന്റെ കാമുകനും രണ്ട് പെണ്‍കുട്ടികള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. സുനിതയുടെ മറ്റു മൂന്ന് കുട്ടികള്‍ അവരുടെ അച്ഛന്റെയൊപ്പമാണ്.
കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ സുനിതയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.