SportsTRENDING

ലോകകപ്പ് ഹോക്കി: വെയ്ൽസിനെ തകര്‍ത്ത് ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്‌ വെയ്ൽസിനെ തകര്‍ത്ത് ഇന്ത്യ. ആകാശ്ദീപ് സിങ് ഇന്ത്യക്കായി ഇരട്ട ​ഗോളുകൾ നേടി. പൂളില്‍ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള അവസരം ഇന്ത്യക്ക് പക്ഷേ ലഭിച്ചില്ല. കുറഞ്ഞത് ഏഴ് ഗോളുകള്‍ക്കെങ്കിലും മത്സരം വിജയിക്കണമായിരുന്നു ആ നേട്ടത്തിന്. ഇതോടെ ഇംഗ്ലണ്ട് പൂള്‍ ചാമ്പ്യന്‍മാരായി നേരിട്ട് യോഗ്യത നേടി.

ഇന്ത്യ ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ക്രോസ് ഓവര്‍ മത്സരം വിജയിക്കണം. ഈ മത്സരത്തില്‍ ന്യൂസിലന്‍ഡാണ് എതിരാളി. ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഒരേ പോയിന്റാണ്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 21ാം മിനിറ്റിലാണ് ഇന്ത്യ ലീഡെടുത്തത്. ഷംഷേറാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഹര്‍മന്‍പ്രീത് തൊടുത്ത ഡ്രാഗ് ഫ്‌ളിക്ക് ബ്ലോക്ക് ചെ്തപ്പോള്‍ പന്ത് ലഭിച്ച ഷംഷേര്‍ വെയ്ൽസ് ഗോൾ കീപ്പര്‍ക്ക് അവസരം നല്‍കിയില്ല. രണ്ടാം ഗോള്‍ ആകാശ്ദീപ് നേടി. കളിയുടെ 32ാം മിനിറ്റിലാണ് ഈ ഗോളിന്റെ പിറവി.

Signature-ad

എന്നാല്‍ വെയ്ൽസ് തിരിച്ചടിച്ചു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന ഘട്ടത്തില്‍ തുടരെ രണ്ട് ഗോളുകള്‍ നേടി വെയ്ൽസ് ഇന്ത്യയെ ഞെട്ടിച്ച് സമനില പിടിച്ചു. രണ്ട് മിനിറ്റിനിടെയാണ് ഈ ഗോളുകള്‍. 45ാം മിനിറ്റില്‍ ആകാശ്ദീപ് രണ്ടാം ഗോളിലൂടെ ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചു. കളി അവസാന നിമിഷങ്ങളിലേക്ക് കടന്നതിന് പിന്നാലെ ഇന്ത്യ നാലാം ഗോളും നേടി. പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി നായകന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ സുരക്ഷിതമാക്കി.

Back to top button
error: