CrimeNEWS

തിയറ്റർ പരിസരത്ത് നിന്ന് ഓട്ടോ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ; കൂടുതൽ മോഷണം നടത്താൻ സഞ്ചാര സൗകര്യത്തിന് ഓട്ടോ മോഷ്ടിച്ചതെന്ന് പ്രതികൾ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ തിയറ്റർ പരിസരത്ത് നിന്നും ഓട്ടോ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. ചേലാമറ്റം സ്വദേശികളായ ഫൈസൽ, പ്രശാന്ത് എന്നിവരാണ് പിടിയിലായത്. നഗരത്തിലെ തിയറ്ററിൽ സെക്കന്റ് ഷോ കാണാനെത്തിയ തണ്ടേക്കാട് സ്വദേശി ഉമ്മറിന്റെ ഓട്ടോറിക്ഷയാണ് ഇവർ മോഷ്ടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവമുണ്ടായത്.

തിയറ്ററിന് മുന്നിൽ റോഡരികിലാണ് ഉമ്മ‌ർ വാഹനം പാർക്ക് ചെയ്തിരുന്നത്. പ്രതികൾ ഓട്ടോയുമായി കടന്നു കളയുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. ഓട്ടോ റിക്ഷയും പിടിച്ചെടുത്തു.

കൂടുതൽ മോഷണം നടത്താൻ സഞ്ചാര സൗകര്യത്തിനായാണ് ഓട്ടോ മോഷ്ടിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. മോഷണം, കഞ്ചാവ് വിൽപന ഉൾപ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ഫൈസൽ. രണ്ടു വർഷത്തോളം ജയിൽ ശിക്ഷയും ഇയാൾ അനുഭവിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ ഒരു മാസത്തിലേറെയായി വാഹന മോഷണം പതിവാണ്. ഇതിൽ ഇവർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Back to top button
error: