KeralaNEWS

പടയപ്പയെ കാണിക്കാമെന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു, ഇത് ആവർത്തിക്കരുത്; പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്നും വനംവകുപ്പ്

മൂന്നാർ: പടയപ്പയെ പ്രകോപിപ്പിക്കുന്നത് ടൂറിസത്തിന്‍റെ മറവിലെന്ന് വനംവകുപ്പ്. പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോർട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നുണ്ട്. ഇത് ഇനി ആവർത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങള്‍ക്ക് വനംവകുപ്പ് നിർദ്ദേശം നൽകി. സംഭവത്തിന്‍റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ചു. കഴിഞ്ഞ ദിവസം പ്രകോപിപ്പിച്ച ടാക്സി കസ്റ്റഡിയിലെടുക്കാന്‍ മൂന്നാര്‍ ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കി.

മുന്നാറിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. സംഭവത്തെകുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. രണ്ടുമാസം മുമ്പുവരെ ആന കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആളുകൾ പെരുമാറിയ കഴിഞ്ഞ നവംബർ ഏഴ് മുതല്‍ കാര്യം മാറി. പടയപ്പ അക്രമകാരിയായി. അന്നുതന്നെ വനത്തിലേക്ക് തുരത്തിയശേഷം വനംവകുപ്പ് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ആനയെ പ്രകോപിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതും നൽകി.

എന്നാൽ കഴിഞ്ഞ ദിവസം കടലാറിലും കുറ്റിയാര്‍ വാലിയിലും പടയപ്പയിറങ്ങിയപ്പോൾ ബൈക്കും ജീപ്പും ഇരമ്പിച്ചും ഹോൺ മുഴക്കിയും ആനയെ പ്രകോപിപ്പിച്ചിരുന്നു. സംഭവത്തെകുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി‌. പ്രകോപിപ്പിച്ചാൽ ആന കൂടുതല്‍ അക്രമകാരിയാകുമെന്ന് വനപാലകര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രകോപിപ്പിച്ചവർക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. അതെസമയം വനപാലകരെ അറിയിച്ചിട്ടും വരാതിരുന്നപ്പോള്‍ ആനയെ ഓടിക്കാനാണ് ഹോൺ മുഴക്കിയതും വാഹനം റൈസ് ചെയ്തതെന്നും നാട്ടുകാർ പറഞ്ഞു.

Back to top button
error: