പത്തനംതിട്ട: പ്രവർത്തനം തുടങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്ക് പ്രയോജനപ്പെടാതെ കോന്നി മെഡിക്കൽ കോളേജ്. ആകെ ഒരു ഒപി മാത്രം. ഐസിയുവും കാത്ത് ലാബും ഇല്ല. വിദഗ്ധ ചികിത്സക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയേയോ കോട്ടയം മെഡിക്കൽ കോളേജിനെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. രാഷ്ട്രീയ അവകാശ വാദപ്രതിവാദങ്ങളുടെ കഥ പറയാനുണ്ട് കോന്നി മെഡിക്കൽ കോളേജിന്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രഖ്യാപനങ്ങളും കഥകളിൽ മാത്രമൊതുങ്ങി. 2020 സെപ്റ്റംബർ പതിനാലിനാണ് മെഡിക്കൽ കോളെജ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്.
ഒപ്പമുണ്ടെന്ന് പറഞ്ഞ സർക്കാർ ഒപ്പമില്ലെന്ന് തെളിയിക്കുന്നതാണ് നിലവിലെ അവസ്ഥ. അവഗണനയുടെ നടുവിലാണ് മെഡിക്കൽ കോളേജ് ആശുപത്രി. സ്പെഷ്യാലിറ്റി ഓപികൾ പ്രവർത്തിക്കുന്നുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ഓപികളൊന്നുമില്ല. ദിവസവും വൈകിട്ട് 3.30 വരെ ഓപിയുണ്ടെങ്കിലും ഒരു മണിക്ക് ശേഷം ഓപി ടിക്കറ്റ് നൽകില്ല. കിടത്തി ചികിത്സയുണ്ടെങ്കിലും വിദഗ്ധ ചികിത്സ വേണ്ടിവന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യും, അല്ലെങ്കിൽ കോട്ടയത്തേക്ക്.
മെഡിക്കൽ കോളേജിന് വേണ്ടത്ര ഡോക്ടർമാരും നഴ്സുമാരും ഇല്ല. അത്യാഹിത വിഭാഗത്തിൽ സൗകര്യങ്ങളുടെ കുറവ്. ഐസിയു പ്രവർത്തനം തുടങ്ങിയില്ല. കാത്ത് ലാബില്ല, കാർഡിയോളജി വിഭാഗമില്ല. ഗൈനക്കോളജി ഡോക്ടർ ഉണ്ടെങ്കിലും ഓപ്പറേഷൻ തിയറ്റേറിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. സിടി സ്കാൻ മെഷീൻ സ്ഥാപിച്ചിട്ടും പ്രവർത്തിക്കാനുള്ള കേന്ദ്ര ആറ്റമിക് എനർജി റിസർച്ച് ബോർഡിന്റെ ലൈസൻസ് കിട്ടിയിട്ടില്ല. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഓക്സിജൻ പ്ലാന്റിൽ ഓപ്പററ്റർ ഇല്ലാത്തതും ആശുപത്രി പ്രവർത്തനത്തിന് വെല്ലുവിളിയാണ്. മെഡിക്കൽ കേളേജിലെ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലായാണ് ആശുപത്രി കെട്ടിടത്തിന്റെ ഒരു നില പ്രവർത്തിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ മെഡിക്കൽ കോളേജിനാണ് ഈ അവസ്ഥ.