കോട്ടയം കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ പ്രതികരണവുമായി ചലച്ചിത്രസംവിധായകനും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നു എന്ന ആരോപണം തള്ളിയ അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തികഞ്ഞ പ്രഫഷണലായ വ്യക്തിയാണെന്നും വ്യക്തമാക്കി.
പ്രഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാര്‍ത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാനാകുമെന്നും തെറ്റായ ആരോപണമാണ് ഉയരുന്നതെന്നും അടൂര്‍ പറഞ്ഞു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഭവവുമായി ബന്ധപ്പെട്ട് ആഷിഖ് അബുവും രാജീവ് രവിയും അടൂരിനെതിരെ നടത്തിയ പ്രസ്താവനകളോടും അദ്ദേഹം പ്രതികരിച്ചു.
”പ്രശസ്തിക്ക് വേണ്ടിയാണ് അവര്‍ എന്നെ വിമര്‍ശിക്കുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല. നിരുത്തരവാദപരമായ സമീപനമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും അടൂര്‍ ആരോപിച്ചു. ന്യൂ ജനറേഷന്‍ ഫിലിം മേക്കേഴ്സ് എന്നാണ് അവര്‍ സ്വയം വിളിക്കുന്നത്. എന്താണ് അവരില്‍ പുതിയതായിട്ടുള്ള”തെന്നും അടൂര്‍ ചോദിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡ് ആണെന്നും അടൂര്‍ ചൂണ്ടിക്കാട്ടി. 2014 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുരക്ഷാ ചുമതല ഇയാള്‍ക്കാണ്. സെന്‍സര്‍ഷിപ്പിനെ താന്‍ എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സൈനികന്‍ കൂടിയായ സെക്യൂരിറ്റി ഗാര്‍ഡിന് മദ്യം ക്വാട്ടയുണ്ട്. അയാള്‍ തനിക്കുള്ള മദ്യത്തിന്റെ ക്വാട്ട ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ വശീകരിച്ചിരുന്നു. ചുമതലയേറ്റെടുത്ത ശേഷം 17 ചാക്ക് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ മെന്‍സ് ഹോസ്റ്റലിന്റെ പരിസരത്ത് നിന്ന് ശങ്കര്‍മോഹന്‍ കണ്ടെത്തിയിരുന്നു.
സെക്യൂരിറ്റി ഗാര്‍ഡിനെ മാറ്റാന്‍ അദ്ദേഹം ഏജന്‍സിയോട് ആവശ്യപ്പെട്ടു. അവര്‍ അത് ചെയ്തെങ്കിലും പോകാന്‍ ഇയാള്‍ തയാറായില്ല. പോലീസിനെ വിളിക്കുമെന്ന് ശങ്കറിന് പറയേണ്ടി വന്നു. അയാള്‍ സാധാരണ സെക്യൂരിറ്റി മാത്രമല്ല, ഗുണ്ടയാണെന്ന് അടൂര്‍ പറഞ്ഞു. ഭൂരിഭാഗം ജീവനക്കാരുടെയും പിന്തുണ ഡയറക്ടര്‍ക്കാണെന്നും അടൂര്‍ ചൂണ്ടിക്കാട്ടി.