KeralaNEWS

കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വളർച്ച; പ്രവീൺ റാണയുടെ ആഡംബര വിവാഹത്തിന്റെ ആല്‍ബത്തിന് മാത്രം ചെലവായത് 12 ലക്ഷം രൂപ

തൃശൂർ: 150 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയുടെ (കെ.പി. പ്രവീണ്‍) വളർച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. എന്‍ജിനീയറിങ് പഠനത്തിന് ശേഷം ചെറിയ മൊബൈല്‍ കടയിലാണ് തുടക്കം. കേരളത്തിന് പുറത്ത് പൂട്ടിപ്പോയ വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ഇതില്‍ വിജയം കണ്ടതോടെ പ്രവര്‍ത്തനമേഖല പബ്ബുകളിലേക്കും സ്പാകളിലേക്കും വ്യാപിപ്പിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പബ്ബുകള്‍ തുടങ്ങി. മദ്യക്കച്ചവടത്തിലും പിടിമുറുക്കി.

അന്വേഷണ ഏജന്‍സികളുടെ കണ്ണുകള്‍ തന്റെ മേല്‍ പതിഞ്ഞെന്ന് മനസ്സിലായതോടെ തട്ടകം കേരളത്തിലേക്ക് മാറ്റി. സ്വന്തം നാട്ടില്‍ സേഫ് ആന്‍ഡ് സ്ട്രോങ് എന്ന ധനകാര്യ സ്ഥാപനം തുടങ്ങി. സാധാരണ കമ്പനികള്‍ 12 ശതമാനം പലിശ നല്‍കിയിരുന്ന സ്ഥാനത്ത് സേഫ് ആന്‍ഡ് സ്ട്രോങ് 48 ശതമാനം പലിശ നൽകി. തുടക്കത്തില്‍ കൃത്യമായി പലിശ നല്‍കിയതോടെ നിക്ഷേപകര്‍ വര്‍ധിച്ചു. എന്നാല്‍, കമ്പനി‌കളുടെ അംഗീകാരം റദ്ദാക്കിയത് വിനയായി. അംഗീകാരം പോയ വിവരം മറച്ചുവച്ചും റാണ ബിസിനസ് തുടര്‍ന്നു. പലിശ മുടങ്ങിയതോടെ നിക്ഷേപകര്‍ കേസ് നല്‍കാന്‍ തുടങ്ങി. കേസന്വേഷണം മുറുകിയപ്പോഴാണ് തട്ടിപ്പിന്റെ ആഴം വ്യക്തമാകുന്നത്.

Signature-ad

തട്ടിപ്പിന് റാണയു‌ടെ പ്രധാനപ്പെട്ട ആയുധം സ്വന്തം നാവ് തന്നെയായിരുന്നു. പേരിന് ഒരു പഞ്ച് പോരാ എന്ന് തോന്നിയത് കൊണ്ടാണ് കെ.പി.പ്രവീണ്‍ എന്ന പേരുമാറ്റി പകരം, ‘പ്രവീൺ റാണ’ എന്നാക്കിയത്. പേരിനോടൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ത്ത് പ്രചോദന പ്രഭാഷകനായി. ജീവിത വിജയകഥകള്‍ ഒരു ചാനല്‍ 100 എപ്പിസോഡായി സംപ്രേഷണം ചെയ്തു. ഇത് ജനങ്ങളുടെ വിശ്വാസം നേടുന്നതിന് കാരണമായി. എഡിസണെയും ഐന്‍സ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീണ്‍ റാണ, ഉന്നതരുമൊത്തുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചും നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ചു.

2029നകം ഇന്ത്യയിലെ ഒന്നാം നമ്പര്‍ വ്യവസായിയായി മാറുമെന്നും അതിന്റെ പ്രയോജനം നിക്ഷേപര്‍ക്കുണ്ടാകുമെന്നും വിശ്വസിപ്പിച്ചു. തന്നെ വിശ്വപൗരനായി അവതരിപ്പിക്കാന്‍ പണം നല്‍കി ചെറുപ്പക്കാരെ ഇറക്കി. തന്റെ ചിത്രം ദേഹത്ത് പച്ചകുത്തിച്ചു. അത്യാഡംബര വാഹനങ്ങളില്‍ മിന്നിമറഞ്ഞ റാണ, രാഷ്ട്രീയത്തിലും കൈവച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ രണ്ട് സിനിമകള്‍ നിര്‍മിച്ച് അഭിനയിച്ചു. അവസാനം ഇറങ്ങിയ ‘ചോരന്‍’ എന്ന സിനിമ സംവിധാനം ചെയ്തത് തൃശൂരിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്.

അഞ്ച് ദിവസം നീളുന്നതായിരുന്നു റാണയുടെ വിവാഹം. ഒരു കിലോ സ്വര്‍ണവും വജ്രാഭരണങ്ങളുമാണ് വധുവിന് നല്‍കിയത്. സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖര്‍ പങ്കെടുത്ത ആഡംബര വിവാഹത്തിന്റെ ആല്‍ബത്തിന് മാത്രം ചെലവായത് 12 ലക്ഷം രൂപ. ഈട്ടി തടിയില്‍ നിര്‍മിച്ച ‘ചിത്രക്കൂട്’ എന്ന ആല്‍ബത്തിന്റെ കൈമാറ്റം നടത്തിയത് ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യത്തിൽ തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലി‍ല്‍ വച്ചായിരുന്നു. ഇനി ജീവിതം റാണയ്ക്ക് അത്ര കളറാകണമെന്നില്ല. ഇരുപതിലേറെ കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്. തട്ടിയെടുത്ത പണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് റാണ മറുപടി നൽകേണ്ടിവരും.

Back to top button
error: