KeralaNEWS

സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം തുടരുമെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ 9 മാസം കൊണ്ട് കേരളത്തില്‍ ഒരുലക്ഷത്തി പതിനാറായിരം പുതിയ സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഇതില്‍ 38000 വനിതാ സംരംഭകരാണ്. ഇതുവഴി ഏഴായിരം കോടിയുടെ നിക്ഷേപമാണ് കേരളത്തിന് അകത്തു നിന്നു മാത്രം ഉണ്ടായിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങളാണ് വ്യവസായ വകുപ്പ് ലക്ഷ്യം വെച്ചത്. എട്ട് മാസം കൊണ്ട് ആ ലക്ഷ്യം പൂര്‍ത്തികരിച്ചു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം കൂടിയുണ്ട്. അപ്പോഴേക്കും ഒന്നര ലക്ഷത്തിനും ഒന്നേമുക്കാല്‍ ലക്ഷത്തിനം ഇടയില്‍ സംരംഭങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റും, അസാപ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക തല്‍പരര്‍ക്കുള്ള പരിശീലന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള സ്‌കില്‍ ഗ്യാപ്പ് നികത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് എം.ഡി ഹരി കിഷോര്‍, അസാപ് കേരള ട്രെയിനിംഗ് ഹെഡ് ലൈജു ഐ.പി, റിയാബ് ചെയര്‍മാന്‍ ഡോ: ആര്‍. അശോക്, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവര്‍ സംസാരിച്ചു. ഓരോ ജില്ലയിലും രണ്ട് ബാച്ചുകള്‍ വീതം 28 ബാച്ചുകളിലായി 700 സംരംഭകരെ ആദ്യഘട്ടത്തില്‍ പരിശീലിപ്പിക്കും.

Back to top button
error: