LIFE

കാർത്തിക നക്ഷത്രക്കാരുടെ പൊതു സ്വഭാവവും ശ്രദ്ധ പുലർത്തേണ്ട കാര്യങ്ങളും

കാർത്തിക നക്ഷത്രക്കാർ കർമ്മ കുശലരായിരിക്കും. മാത്രമല്ല കുടുംബത്തിൽ പ്രധാനിയുമായിരിക്കും ഇവർ സുന്ദരന്മാരും സത്യവാന്മാരും സദ്ഗുണ സമ്പന്നരും ആയിരിക്കും. ക്ഷിപ്ര കോപം ഉണ്ടെങ്കിലും അസാമാന്യ ബുദ്ധിസാമർത്ഥ്യത്താൽ പെട്ടെന്ന് ഇവർ തീരുമാനങ്ങളെടുക്കും. ഈശ്വരവിശ്വാസികളായ ഇവർ ഹാനികരമായ കൂട്ടുകെട്ടുകളിൽ നിന്ന് അകൽച്ച പാലിക്കും. അന്യരിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഇവർ കാര്യമാക്കുകയില്ല. ജനിച്ച നാടുവിട്ട് അന്യദേശങ്ങളിൽ എത്തി അവിടെ പേരും പ്രശസ്തിയും നേടും. ദാമ്പത്യജീവിതം പൊതുവേ സംതൃപ്തമായിരിക്കുമെങ്കിലും ഭാര്യയുടെ ആരോഗ്യക്കുറവ് ചിലരുടെ ജീവിത സുഖത്തിന് ഹാനി വരുത്തും. പൊതുവേ സൽക്കാരപ്രിയരും മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ പരിശ്രമിക്കുന്നവരുമാണ് കാർത്തിക നക്ഷത്രക്കാർ.

ഓർമശക്തിയും സംഭാഷണ പ്രിയവുമാണ് ഈ നക്ഷത്രത്തിന്റെ സ്വഭാവമുദ്ര. ഈ നക്ഷത്രക്കാർ കല, രാഷ്ട്രീയം എന്നീ രംഗങ്ങളിൽ പ്രശസ്തി നേടും. പിതൃസ്വത്തിൽ അർഹമായ ഗുണഫലങ്ങൾ ലഭിക്കാൻ സാദ്ധ്യതയില്ല.

ഏറ്റെടുക്കുന്ന ജോലി ഇഷ്ടത്തോടെ ചെയ്യും. നിർബന്ധ ബുദ്ധിക്കാരായ ഇവർ സ്വപ്രയത്നം കൊണ്ട് ഉയർച്ചയിലെത്തും. മാതൃസ്നേഹം ഇവർക്ക് കൂടുതലായി ഉണ്ട്. പിതൃഗുണം കുറവായിരിക്കും. ഭക്ഷണകാര്യത്തിൽ എരിവും പുളിയും ഏറെ ഇഷ്ടമായിരിക്കും.
ഈ നക്ഷത്രക്കാരെ വിശ്വസിക്കാം, ചതിക്കില്ല. എന്നാൽ അഭിമാനം വ്രണപ്പെട്ടാൽ ഇവർ പൊട്ടിത്തെറിക്കും. കരാർ ജോലി ഏജൻസി പ്രവർത്തനങ്ങൾ എന്നിവയിൽ വിജയിക്കും. പ്രതികൂല നക്ഷത്രങ്ങൾ മകയിരം, പുണർതം, ആയില്യം, വിശാഖം, അനിഴം, തൃകേട്ട, മൂലം പുരാടം. പ്രതികൂല നക്ഷത്രക്കാരുമായി കൂട്ടു ചേർന്നുള്ള പ്രവർത്തനങ്ങൾ പരാജയപ്പെടും. കാർത്തിക നക്ഷത്രത്തിലെ സ്ത്രീകൾ സുന്ദരികൾ ആയിരിക്കും. പെരുമാറ്റത്തിലും അതിഥി സൽക്കാരത്തിലും മാന്യത പ്രകടിപ്പിക്കും. കലഹപ്രിയരും വൈരാഗ്യ ബുദ്ധിയുള്ളവരുമായ ഇവർ ആഡംബര പ്രിയകളായി കാണപ്പെടുന്നു. കാർത്തിക, ഉത്രം, ഉത്രാടം ദിവസങ്ങളിലെ ക്ഷേത്രദർശനവും ദോഷപരിഹാര മാർഗമാണ്. ശത്രുദോഷമകലാൻ ആദിത്യഹ‍‍‌ൃദയ മന്ത്രം പതിവായി ജപിക്കുക. കാർത്തികയും  ഞായറാഴ്ചയും  ചേർന്നു വരുമ്പോൾ  വ്രതനിഷ്ഠയോടെ  സൂര്യക്ഷേത്രത്തിലൊ ശിവക്ഷേത്രത്തിലോ ദർശനം നടത്താം. ചുവപ്പും  കാവിയും നിറങ്ങൾ വസ്ത്രത്തിന്റെ ഭാഗമായോ ചരടായോ ധരിക്കുക. സൂര്യപ്രാർഥനയോടെ ഇളവെയിലേൽക്കുന്നതും നല്ലതാണ്.

(ഡോ. സി. ആർ ചന്ദ്രലേഖ കിളിമാനൂർ ആർ.ആർ.വി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ജ്യോതിഷ സംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്)

Back to top button
error: