Fiction

പരിമിതികളുടെ കെട്ടുപാടുകളില്‍ നിന്നും മോചനം നേടൂ, വിജയത്തിൻ്റെ പാതയിലൂടെ മുന്നേറൂ

വെളിച്ചം

ഗുരുവും ശിഷ്യനും ഏറെ നടന്നു നടന്ന് കുന്നിന്‍ചെരുവിലെത്തി. വിശന്നപ്പോള്‍ അടുത്തുകണ്ട കുടിലില്‍ കയറി ഭക്ഷണം ചോദിച്ചു. അവിടെ ആകെ ഉണ്ടായിരുന്നത് കുറച്ച് സംഭാരം മാത്രമാണ്. അവര്‍ ആര്‍ത്തിയോടെ അത് കുടിച്ചു. പുറത്തിറങ്ങിയപ്പോള്‍ ആ പറമ്പിനരുകിൽ ഒരു പശു നില്‍ക്കുന്നത് കണ്ടു. ഗുരു ആ പശുവിനെ കെട്ടഴിച്ചുവിടാന്‍ ആവശ്യപ്പെട്ടു. ശിഷ്യന്‍പറഞ്ഞു:

“ഇവരുടെ ആകെ വരുമാനമാണ് ഈ പശു. അതിനെ കെട്ടഴിച്ചുവിട്ടാല്‍ അതെവിടെയെങ്കിലും പോകും.”
ഗുരു ആ വാദം അംഗീകരിച്ചില്ല. ഒടുവിൽ ഗുരുവിന്റെ വാക്ക് ധിക്കരിക്കാന്‍ കഴിയാതെ ശിഷ്യന്‍ അങ്ങനെ തന്നെ ചെയ്തു. പശു കുന്നിറങ്ങി ദൂരെ എങ്ങോട്ടോ പോയി.

വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവും ശിഷ്യനും വീണ്ടും അതേ സ്ഥലത്തെത്തിയപ്പോള്‍ അവിടെ വലിയൊരു വീട് കണ്ടു. അവര്‍ ആ വീട്ടിലേക്ക് കയറി. വീട്ടുകാര്‍ പറഞ്ഞു:
“ഞങ്ങളുടെ ആകെ വരുമാനം ആ പശുവായിരുന്നു. അതിനെ നഷ്ടപ്പെട്ടപ്പോള്‍ ജീവിക്കാനായി ഞങ്ങൾക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവന്നു. അന്നുമുതലാണ് ഞങ്ങളുടെ ജീവിതം രക്ഷപ്പെട്ടത്…”
ഗുരു ശിക്ഷ്യനെ ഒന്നു നോക്കി. ആ കണ്ണുകളുടെ ആഴം മനസിലാക്കിയ ശിഷ്യൻ്റ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു.
ജീവിച്ചു വരുന്ന അവസ്ഥയെ മറികടക്കാൻ ആരും പെട്ടെന്ന് സന്നദ്ധരാകില്ല. പരിമിതികളുടെ കെട്ടുപാടുകളില്‍ നിന്നും പുറത്തു കടക്കാതെ ആർക്കും അര്‍ഹിക്കുന്ന നേട്ടങ്ങൾ ലഭിക്കുകയുമില്ല.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: