LocalNEWS

ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം

മലപ്പുറം: ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം. പെരിന്തൽമണ്ണ താഴേക്കോട് അരക്കുപറമ്പ് ആദിവാസി കോളനിയിലെ ശോഭ (26) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

ശോഭയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ട്രൈബൽ പ്രമോട്ടർ മണികണ്ഠനെ വിവരം അറിയിച്ചു. തുടർന്ന് മണികണ്ഠൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് ഫഹദ് അലി പി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജീർ പി എന്നിവർ കോളനിയിൽ എത്തി.

എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജീറിന്റെ പരിശോധനയിൽ പ്രസവം എടുക്കാതെ ശോഭയെ ആംബുലൻസിലേക്ക് മാറ്റുന്നത് സുരക്ഷിതം അല്ലെന്ന് മനസ്സിലാക്കി വീട്ടിൽ തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ഈ സമയം സ്ഥലത്തെത്തിയ ആശ പ്രവർത്തക ജുമൈദയും സജീറിന് വേണ്ട സഹായം ഒരുക്കി.

9.46ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജീറിന്റെ പരിചരണത്തിൽ ശോഭ കുഞ്ഞിന് ജന്മം നൽകി. തുടർന്ന് സജീർ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് ഫഹദ് അലി അമ്മയെയും കുഞ്ഞിനെയും ഉടൻ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Back to top button
error: