തൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി പ്രവീണ്‍ റാണ ജയിലിലേക്കു പോയത് യഥാര്‍ഥ കള്ളന്‍മാര്‍ പുറത്തുവരുമെന്ന പരാമർശത്തോടെ. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽവച്ച് അറസ്റ്റിലായ ‘സേഫ് ആൻഡ് സ്ട്രോങ്’ ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയെ, ഈ മാസം 27 വരെയാണ് കോടതി റിമാൻഡ് ചെയ്തത്. റാണ നൂറു കോടി രൂപ തട്ടിയതായാണ് തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. റാണയുടെ കൂട്ടാളികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോക് വ്യക്തമാക്കി.
‘യഥാർഥ കള്ളൻമാർ പുറത്തുവരും. റോയൽ ഇന്ത്യ പീപ്പിൾസ് പാർട്ടി സിന്ദാബാദ്’ – ജയിലിലേക്ക് പ്രവേശിക്കുമ്പോൾ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോടായി റാണയുടെ വാക്കുകൾ ഇങ്ങനെ.
‘ജീവിതത്തില്‍ വിജയം നേടാനുള്ള സൂത്ര വിദ്യ പറഞ്ഞു തരുന്ന കോച്ച്. ജീവിതത്തില്‍ ആരോഗ്യപരമായ സാമ്പത്തികാവസ്ഥ ഒരുക്കാന്‍ സഹായിക്കുന്ന ഡോക്ടര്‍…’ – റാണയുടെ ഈ സ്വയം വിശേഷണങ്ങളില്‍ വീണ നിക്ഷേപകര്‍ ഇപ്പോൾ കാത്തിരിക്കുകയാണ്; റാണ തട്ടിയെടുത്ത കോടികള്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടി. റാണ ധൂര്‍ത്തടിച്ച പണം ഇനി ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യവും അവർക്കു മുന്നിലുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലേറെ പരാതികളാണു പ്രവീൺ റാണയ്ക്കെതിരെ ഇതുവരെ കിട്ടിയിരിക്കുന്നത്. മുപ്പതിലേറെ കേസുകൾ റജിസ്റ്റർ ചെയ്തതായാണു വിവരം. 7.5 ലക്ഷം രൂപ മുതൽ 9.5 ലക്ഷം രൂപ വരെ പ്രവീൺ റാണ തട്ടിയെടുത്തതായി ഇന്നലെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ 5 പരാതികൾ ലഭിച്ചിട്ടുണ്ട്.