IndiaNEWS

ഇത് അടുത്ത കാലത്തൊന്നും തീരില്ല! ലഖിംപുര്‍ ഖേരി കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 5 വർഷം വേണമെന്ന് കോടതി

കേസിലുള്ളത് 208 സാക്ഷികളും 171 രേഖകളും, 27 ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും 

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ ലഖിംപുര്‍ ഖേരി കൂട്ടക്കൊല കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷം വരെ വേണമെന്ന് വിചാരണ കോടതി! ഇത് വ്യക്തമാക്കി വിചാരണ നടക്കുന്ന ലഖിംപൂര്‍ ഖേരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നൽകി. 208 സാക്ഷികളാണ് കേസിലുള്ളതെന്നും അവരുടെ വിസ്താരവും, എതിര്‍ വിസ്താരവും പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷം വരെ സമയം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

171 രേഖകളും, 27 ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുമാണ് കേസില്‍ ഉള്ളത്. കേസില്‍ ദൈനംദിന വാദം കേള്‍ക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേസിലെ സാക്ഷികളില്‍ പലരും ഭീഷണി നേരിടുകയാണെന്നും, മൂന്നുപേര്‍ക്കു നേരെ കൈയേറ്റം ഉണ്ടായതായും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

Signature-ad

എന്നാല്‍ ആരോപണം ആശിഷ് മിശ്രയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി നിഷേധിച്ചു. ദൈനംദിന വാദം കേള്‍ക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തെയും അദ്ദേഹം എതിര്‍ത്തു. ആശിഷ് മിശ്ര നല്‍കിയ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 13ലേക്ക് മാറ്റി.

2021 ഒക്ടോബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രതിഷേധ പ്രകടനം നടത്തിയ കര്‍ഷകര്‍ക്കുമേൽ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

Back to top button
error: