മലയാളി മറന്നു പോകരുത്, ആരോഗ്യം സർവ്വധനാൽ പ്രധാനം
ഡോ. വേണു തോന്നയ്ക്കൽ
ഷവർമ, അല്‍ഫാം, കുഴിമന്തി, ബാര്‍ബിക്യൂ, ഷവായി, ഗ്രില്‍ഡ് ചിക്കന്‍ തുടങ്ങിയ ഇറച്ചിയാഹാരങ്ങൾ കഴിച്ചുണ്ടാകുന്ന മരണ വാർത്തകൾ നമുക്കിടയിൽ പുത്തനല്ല. നമ്മുടെ ചാനലുകളും സോഷ്യൽ മീഡിയയും പടച്ചു വിടുന്ന പരിപാടികൾ കണ്ടാൽ നാം ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാൻ മാത്രമാണെന്ന് തോന്നിപ്പോകും.പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ച് ആരോഗ്യ പൂർണരായി ജീവിക്കാൻ നമുക്ക് താല്പര്യമില്ല .
ഏതു വിഷം ആണേലും കഴിക്കും. രുചി ഉണ്ടായിരുന്നാൽ മതി. ഉറുമ്പ് തീറ്റ തേടുന്നതു പോലെ രുചി തേടിയലയാൻ യാതൊരു മടിയുമില്ല. നമ്മെപ്പോലെ ഇത്തരത്തിൽ തീറ്റ ഭ്രാന്തർ ലോകത്തെങ്ങും ഉണ്ടാവാനിടയില്ല. ഒരു സിംഹമോ കടുവയോ ആയി ജനിക്കാതിരുന്നതിൽ സന്തോഷം. അങ്ങനെയായിരുന്നുവെങ്കിൽ ടേസ്റ്റ് തേടി ഭ്രാന്ത് പിടിക്കുമായിരുന്നു. തിന്നു മരിക്കുക. അതാണ് ഫാഷൻ. ലോണെടുത്ത് മൂക്കു മുട്ടെ വിഷ ഭക്ഷണം കഴിക്കുകയും പിന്നെ കിടപ്പാടം വിറ്റ് ഡോക്ടർമാരുടെ മുറിക്ക് മുന്നിൽ ക്യൂ നിൽക്കുകയും ചെയ്യുന്ന സംസ്കാരം നമുക്കു സ്വന്തം.
ബുദ്ധിജീവികൾ, വിദ്യാസമ്പന്നർ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നത് വെറും നാട്യം എന്ന് പറയാൻ ഏത് വിഷമയ ഭക്ഷണത്തോടും കാണിക്കുന്ന ഈ അമിത ഭ്രമം പോരേ…? അക്ഷരം കൂട്ടി വായിക്കാനും അവ ചേർത്ത് എഴുതി ഡിഗ്രി വാങ്ങുവാനും അറിഞ്ഞാൽ മാത്രം പോര, യുക്തിപൂർവ്വം ചിന്തിക്കുകയും വേണം.
രാഷ്ട്രവികസനത്തിന്റെ അടിസ്ഥാനം കോൺക്രീറ്റ് കാടുകൾ അല്ല, മറിച്ച് അവിടുത്തെ യുവജനതയുടെ ആരോഗ്യവും, ബുദ്ധിപരവും മാനസികവുമായ ഉണർവ്വുമാണ്. വിഷമയമായ ഭക്ഷണങ്ങൾ കഴിച്ച് യുവ തലമുറ ആരോഗ്യവും ബുദ്ധിയും മനസ്സും കെട്ടവർ ആവുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് നഷ്ടമാവുന്നത് രാഷ്ട്രം തന്നെയാണ്.
നമുക്ക് ആരോഗ്യകരമായ ഭക്ഷ്യ സംസ്കാരവും ആരോഗ്യ ബോധവും വീണ്ടെടുക്കണം. ഭരണകൂടവും സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരും യുക്തിബോധമുള്ള സ്വതന്ത്രമായി ചിന്തിക്കുന്ന ആരോഗ്യ- ശാസ്ത്ര പ്രവർത്തകർക്കൊപ്പം അണിചേരണം.
യുവതലമുറയെ വിഷം നൽകി മയക്കുന്ന കച്ചവടക്കാരെയും അത് പരസ്യപ്പെടുത്തുന്നവരെയും നിയന്ത്രിക്കണം. അവരുടെ ധനം, മതം ജാതി, രാഷ്ട്രീയം എന്നിവ നോക്കാതെ നിയന്ത്രിക്കാൻ തക്ക ആർജ്ജവം ഭരണകൂടം പ്രകടിപ്പിക്കണം.
ഷവർമയിലേക്ക് മടങ്ങാം. ഭക്ഷ്യ മലിനീകരണത്തിന് വിധേയമായ ഷവർമയാണ് മരണഹേതു. ഷവർമയെ വിഷലിപ്തമാക്കാൻ ഒരു പ്രധാന കാരണം ഷവർമയിൽ കോളനി കൂട്ടി കഴിയുന്ന എഷറിഷ്യ കോളെ (Escherichea coli) അഥവ ഈ.കോളെ (E.Coli) എന്നയിനം ബാക്ടീരിയ ആണ്. കൂടാതെ സാൽമൊനലെ (Salmonella) ഇനത്തിൽപ്പെട്ട ബാക്ടീരിയകളും ഉണ്ടാവും.
ഈ.കോളെ ദണ്ഡാകാര ഗ്രാം നെഗറ്റീവ് എനറോബിക് ബാക്ടീരിയ ആണ്. ആൾ അതി ഭീകരനാണ്. ഇവ അതിശക്തമായ വയറുവേദന, രക്തത്തോടെയുള്ള വയറിളക്കം, ഛർദ്ദി എന്നീ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നു. തുടർന്ന് വൃക്ക തകർന്ന് മരണവും. സൽമൊനെലെ ദണ്ഡാകാര ഗ്രാം നെഗറ്റീവ് എനറോബിക് ബാക്ടീരിയാകളാണ്. അവ പനി, വയറുവേദന, ഇളക്കം, ഓക്കാനം, ചർദ്ദി എന്നീ രോഗ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു.
ശാസ്ത്രം ഇത്രയേറെ വളർന്നു . നമുക്ക് ഔഷധങ്ങൾ കൊണ്ട് ഈ രോഗാണുവിനെ അതിജീവിച്ചു കൂടെ?
ഉവ്വ്. എന്നാൽ അതിജീവനം ലഭ്യമാവുന്നതിനു മുമ്പേ ബാക്ടീരിയ നമ്മെ കീഴ്പ്പെടുത്തും. ഒരു സംശയം. ആ ഷവർമ കഴിച്ചവർക്ക് ഏവർക്കും പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ.
അതെ… ദഹനേന്ദ്രിയവ്യവസ്ഥയിൽ വേണ്ടത്ര രോഗപ്രതിരോധശേഷി ( ഇമ്മൂണിറ്റി) യുള്ളവർ മരണത്തിന് കീഴടങ്ങുന്നില്ല. ബേക്കറി ഭക്ഷണങ്ങൾ തുടങ്ങിയ കൃത്രിമാഹാരങ്ങൾ തീറ്റിപ്പിച്ചു നാം നമ്മുടെ കുട്ടികളുടെ ഇമ്മ്യൂണിറ്റി തകർത്തുകളയുകയല്ലേ…!
ഓർക്കുക. ആരോഗ്യമാണ് ഏറ്റവും വലിയ ധനം. നമുക്ക് സമ്പത്തും ബുദ്ധിയും എത്ര തന്നെ ഉണ്ടായാലും ആരോഗ്യം ഇല്ലായെങ്കിൽ സുഖമായി ജീവിക്കാനാവില്ല. തെല്ലും മാലിന്യമില്ലാത്ത അനേകം ഭക്ഷണങ്ങൾ നമുക്ക് സ്വന്തമായുണ്ട്. അവ കൂടി കഴിക്കാൻ നാം ശീലിക്കുക. പരിഷ്കാരത്തിന്റെ പേരിൽ സ്വന്തം കുഞ്ഞുങ്ങളെ വിഷം ശീലിപ്പിക്കാതിരിക്കുക. അഴുകിയതും പഴകിയതുമായ മാംസാഹാരങ്ങൾ ദയവായി ഒഴിവാക്കുക. സ്വന്തം അടുക്കളയിൽ വിളയുന്ന കൊഴുക്കട്ടയേക്കാൾ ഒട്ടും മെച്ചമല്ല ബേക്കറിയിലോ ഹോട്ടലുകളിലോ മൊരിയുന്ന ആധുനിക പലഹാരമെന്ന് മനസിലാക്കാൻ ശ്രമിക്കുക. സ്വന്തം മക്കൾക്ക് നന്മ കാട്ടുന്നിടത്താണ് നാം നല്ല മാതാപിതാക്കളാവുന്നത് എന്ന തിരിച്ചറിവെങ്കിലും നേടുക.
നമുക്ക് വലിയൊരു പ്രത്യേകതയുണ്ട്. രാഷ്ട്രത്തിന്റേതായ കാരണത്താൽ മാത്രമല്ല ഏതു കാരണത്താലും ഒരു വ്യക്തിക്ക് അപകടമുണ്ടാവുകയോ മരിക്കുകയോ ചെയ്താൽ നാം കരയാനും ചാനലിന്റെ ഉമ്മറപ്പടിയിലിരുന്ന് വലിയ വായിൽ പ്രതികരിക്കാനും തുടങ്ങും. കരയാൻ അടുത്തൊരു കാരണമുണ്ടാവുവോളം ഈ വിലാപം തുടർന്നു കൊണ്ടേയിരിക്കും. അപ്പോഴും വ്യക്തികളുടെ അപകടത്തിനോ മരണത്തിനോ ഉണ്ടായ കാരണം പരിഹരിക്കാതെ അവിടെ ശേഷിക്കും. ഇനിയും കരയുകയും പ്രതികരിക്കുകയും വേണമല്ലോ.