തിരുവനന്തപുരം: കലോത്സവ സ്വാഗതഗാന വിവാദത്തിൽ സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വാഗതഗാനം അവതരിപ്പിച്ച കലാസംഘത്തിനെ വിലക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മതഭീകരവാദികള്‍ക്ക് മുമ്പില്‍ കീഴടങ്ങലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ആരോപിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗപൂര്‍ണമായ പോരാട്ടം കലോത്സവത്തില്‍ അവതരിപ്പിച്ചത് ശരിയായില്ലെന്നാണ് പിണറായി സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമായി. ഈ സര്‍ക്കാര്‍ മതഭീകരവാദികള്‍ക്കൊപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കോഴിക്കോട്ടുകാരുടെ അഭിമാനമായ രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ പേരിലുള്ള വിക്രം മൈതാനത്ത് നടന്ന കലോത്സവത്തില്‍ സൈന്യത്തെ അനുസ്മരിച്ചത് തെറ്റാണെന്നാണ് മന്ത്രിമാരായ മുഹമ്മദ് റിയാസും ശിവന്‍കുട്ടിയും പറയുന്നത്. ഇത് പച്ചയായ ദേശവിരുദ്ധ സമീപനമാണെന്ന് സുരേന്ദ്രന് പറഞ്ഞു.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരു സംഘം കലാകാരന്മാരെ വിലക്കുകയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇതിനെ ചോദ്യം ചെയ്യാന്‍ സാഹിത്യകാരന്മാരും ബുദ്ധിജീവികളും തയ്യാറാകുന്നില്ല. കേരളം കമ്മ്യൂണിസ്റ്റ്- താലിബാനിസത്തിലേക്ക് വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്. മുഹമ്മദ് റിയാസ് ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട നടപ്പാക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് ശേഷം അവരുടെ ശബ്ദമായി മാറുകയാണ് സിപിഎം ചെയ്യുന്നത്. സ്വാഗതഗാനം ഒരുക്കിയത് ഇടതുപക്ഷ പ്രവര്‍ത്തകരായിട്ടും അതും സംഘപരിവാറിന്റെ തലയിലിട്ട് പ്രീണന രാഷ്ട്രീയം കളിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.