സ്‌ക്രീനിൽ വെള്ളപ്പൊക്കം പ്രദർശിപ്പിച്ച് പ്രേക്ഷകരെ അദ്‌ഭുതപ്പെടുത്തിയ ഹരിഹരൻ്റ ‘വെള്ളം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 38 വർഷം
സിനിമ ഓർമ്മ
എംടി-ഹരിഹരൻ ടീമിന്റെ മൾട്ടി സ്റ്റാർ ചിത്രം ‘വെള്ളം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 38 വർഷം. 1985 ജനുവരി 11നാണ് നടൻ ദേവൻ നിർമ്മിച്ച ബിഗ് ബജറ്റ് ചിത്രം പ്രദർശനമാരംഭിച്ചത്. ടൈറ്റാനിക് എന്ന ഹോളിവുഡ് ചിത്രം വരുന്നതിന് മുൻപേ വെള്ളപ്പൊക്കം സ്‌ക്രീനിൽ കാണിച്ച് അദ്‌ഭുതപ്പെടുത്തി സംവിധായകൻ ഹരിഹരൻ ‘വെള്ള’ത്തിലൂടെ. ‘ടെറ്റാനിക്കി’ലെപ്പോലെ വെള്ളപ്പൊക്കത്തിൽ നായികയെ രക്ഷിച്ച് നായകൻ മരണം വരിക്കുന്ന ദൃശ്യവുമുണ്ട് ‘വെള്ള’ത്തിൽ.
എൻ.എൻ പിഷാരടിയുടെ നോവലിനെ ആസ്പദമാക്കിയാണ് എംടി തിരക്കഥ എഴുതിയത്. എംടിയുടെ ആദ്യ ‘മാസ്’ ചിത്രമാണ് വെള്ളം. ഫ്യൂഡൽ പാരമ്പര്യങ്ങളുടെ തകർച്ചയും പുതിയ സമ്പന്ന വർഗ്ഗത്തിന്റെ ഉയർച്ചയും കേരളം കണ്ട പശ്ചാത്തലമാണ് സിനിമയുടെ കഥ. കുടിയേറ്റം വഴി ഒരു സാധാരണ യുവാവ് വിജയിയായ കച്ചവടക്കാരനാവുന്നതും എന്നാൽ മുതലാളിത്തവും പ്രമാണിത്തവും അവസാന വാക്കല്ല എന്ന് അയാൾ തിരിച്ചറിയുന്നതുമാണ് കഥാതന്തു. മധു ആയിരുന്നു കേന്ദ്ര കഥാപാത്രമായ മാത്തുണ്ണിയെ അവതരിപ്പിച്ചത്.
സ്നേഹിച്ച പെണ്ണിനെ പണമില്ലാത്തവനായിപ്പോയെന്ന കാരണത്താൽ കല്യാണം കഴിക്കാനാവാതെ നാട് വിടുന്ന ചെറുപ്പക്കാരനാണ് മാത്തുണ്ണി. പടുത്തുയർത്തിയ സമ്പത്തും സൗകര്യങ്ങളുമായി അയാൾ തിരികെ വന്നപ്പോഴേയ്ക്കും അവൾ (ശ്രീവിദ്യ) നടപ്പുദീനം മൂലം മരണപ്പെട്ടിരുന്നു. സുഹൃത്ത്, കോവിലകത്തെ കണക്കെഴുത്തുകാരന് (നസീർ), കോവിലകത്തെ തമ്പുരാട്ടിയിൽ (കെ.ആർ വിജയ) ജനിച്ച കുഞ്ഞിനെ (മേനക) പഠിപ്പിക്കുന്നത് മാത്തുണ്ണിയാണ്. ശത്രുവായ തൊഴിലാളി നേതാവിനെയാണ് (സത്താർ) അവൾ പ്രണയിക്കുന്നത് എന്നറിയുമ്പോൾ അയാൾ ആദ്യം തളരുകയും പിന്നീട് പുതിയ കാലത്തിനനുസരിച്ച് മാറുവാൻ തയ്യാറാവുകയും ചെയ്യുന്നു.
മുല്ലനേഴി-ദേവരാജൻ ടീമിന്റെ 7 പാട്ടുകളുണ്ടായിരുന്നു. ‘കോടനാടൻ മലയിലെ’, ‘സൗരയൂഥ പഥത്തിലെന്നോ’, ‘കണ്ണാടിക്കൂട്ടിലെ സ്വപ്‌നങ്ങൾ’ ഇവ ഹിറ്റ് ഗാനങ്ങളായി. എന്നാൽ സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ല. മലയാള സിനിമയിൽ പഴയ വിഗ്രഹങ്ങൾ ഉടഞ്ഞു വീഴുകയും പുതിയ രൂപങ്ങൾ കരുത്താർജ്ജിച്ച് വരികയും ചെയ്ത കാലത്തായിരുന്നു ‘വെള്ള’ത്തിന്റെ റിലീസ് എന്നതായിരുന്നു പ്രധാന കാരണം.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ