മുംബൈ: നാല് വർഷത്തെ ശമ്പളം ബോണസായി ലഭിച്ചാലോ? തായ്‌വാനിലെ എവർഗ്രീൻ മറൈൻ കോർപ്പറേഷൻ അതിന്റെ ചില ജീവനക്കാർക്ക് ഇത്തരത്തിൽ ബോണസ് നൽകിയിരിക്കുകയാണ്. ഈ ഷിപ്പിംഗ് കമ്പനിയുടെ വർഷാവസാന ബോണസുകൾ 50 മാസത്തെ ശമ്പളത്തിന് തുല്യം അല്ലെങ്കിൽ നാല് വർഷത്തെ ശമ്പളത്തിന് തുല്യമോ ആണ്. അതേസമയം, തായ്‌വാൻ ആസ്ഥാനമായുള്ള കരാറുകളുള്ള ജീവനക്കാർക്ക് മാത്രമേ ബോണസ് ബാധകമാകൂ.
വർഷാവസാന ബോണസുകൾ എല്ലായ്‌പ്പോഴും കമ്പനിയുടെ ഈ വർഷത്തെ പ്രകടനത്തെയും ജീവനക്കാരുടെ വ്യക്തിഗത പ്രകടനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷമായി ഷിപ്പിംഗ് മേഖലയിലുണ്ടായ കുതിച്ചുചാട്ടത്തിന് ഫലമായാണ് വൻതുക കമ്പനി ജീവനക്കാർക്ക് ബോണസായി നൽകുന്നത്. കമ്പനിയുടെ 2020-ലെ വിൽപ്പനയുടെ മൂന്നിരട്ടിയാണ് 2022-ലെ വില്പന. വരുമാനം കുത്തനെ ഉയർന്നതാണ് ബോണസ് നൽകാനുള്ള കാരണം. ചില ജീവനക്കാർക്ക് ഡിസംബർ 30-ന് 65,000 ഡോളറിലധികം ബോണസ് ലഭിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, എവർഗ്രീൻ മറൈനിലെ എല്ലാ ജീവനക്കാരും ഭാഗ്യവാന്മാർ ആയിരുന്നില്ല. തെരെഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് മാത്രമാണ് ഇത്തരത്തിൽ ബോണസ് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ അന്യായമായ പെരുമാറ്റത്തെക്കുറിച്ച് ജീവനക്കാരുടെ ഇടയിൽ തന്നെ പരാതികൾ ഉയരുന്നുണ്ട്. ജീവനക്കാരുടെ പ്രകടനത്തെ ഏത് മാനദണ്ഡത്തിലാണ് വിലായിരിക്കുന്നത് എന്നുള്ള കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇത് ജീവനക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബാക്കിയുള്ള ജീവനക്കാർക്ക് ബോണസ് നല്കാൻ കമ്പനി മറന്നിട്ടില്ല. മൂന്ന് മുതൽ എട്ട് മാസം വരെയുള്ള ശമ്പളം ബോണസായി നൽകിയിട്ടുണ്ട്.
അതേസമയം, ആഗോള വളർച്ചാ നിരക്ക് കുറയുന്നതും ചരക്ക് നിരക്ക് കുറയുന്നതും ഈ വർഷം ലാഭക്ഷമതയെ ബാധിക്കുമെന്ന് ഷിപ്പിംഗ് കമ്പനികൾ മുന്നറിയിപ്പ് നൽകി.