KeralaNEWS

നഴ്സ് രശ്മിയുടെ മരണകാരണം ഭക്ഷ്യവിഷബാധ തന്നെയെന്ന് പൊലീസ്, ചീഫ് കുക്ക്  സിറാജുദ്ദീൻ റിമാന്റിൽ

    കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽനിന്ന് (മലപ്പുറം കുഴിമന്തി) അൽഫാം കഴിച്ച് നഴ്സ് രശ്മി രാജ് മരിച്ചത് ഭക്ഷ്യവിഷബാധ കാരണമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള ഫൊറൻസിക് സംഘത്തിന്റെ ഇമെയിൽ സന്ദേശം ഇന്നലെ പൊലീസിനു ലഭിച്ചു. അതേസമയം, രശ്മി ഭക്ഷണം വാങ്ങിയത് എങ്ങനെ എന്നറിയാൻ സംഭവം നടന്ന ഡിസംബർ 29ലെ സംഭവങ്ങൾ പുനരാവിഷ്കരിച്ചാണു പൊലീസ്  അന്വേഷണം. ഓൺലൈൻ വഴിയല്ല രശ്മി ഭക്ഷണം വാങ്ങിയതെന്നു തെളിഞ്ഞിട്ടുണ്ട്. രശ്മിയുടെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം.

ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങിയെന്നതിനു തെളിവു കണ്ടെത്താൻ കഴിയാതെ വന്നാൽ പ്രതി രക്ഷപ്പെടും എന്ന സാധ്യത മുന്നിൽ കണ്ടാണ് പൊലീസ് രശ്മി സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്തുന്നത്. 10 കിലോമീറ്റർ ചുറ്റളവിലെ നൂറോളം സിസിടിവി പരിശോധിക്കുകയും ഒട്ടേറെപ്പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഇതിനിടെ  ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് രശ്മി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീനെ കോടതി റിമാന്‍ഡ് ചെയ്തു. മലപ്പുറം കാടാമ്പുഴയില്‍ നിന്നാണ് ഗാന്ധിനഗര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പാർക്ക് ഹോട്ടലിൽനിന്ന് ഡിസംബർ 29ന് വാങ്ങിയ അൽഫാം കഴിച്ച് ഒരു മണിക്കൂറിനുശേഷം രശ്മിക്ക് വയറിളക്കവും ഛർദിയുമുണ്ടായി. പ്രാഥമിക ചികിത്സ തേടിയ രശ്മിയുടെ ആരോഗ്യനില 30നു വഷളായി. തുടർന്നു കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീടു മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇതേ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഹോട്ടൽ പിന്നീട് ആരോഗ്യ വകുപ്പ് ഇടപെട്ട് അടച്ചുപൂട്ടി.

Back to top button
error: