കുമളി: കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കാട്ടാന ശല്യം തടയാനുള്ള സോളാര്‍ വൈദ്യുതി വേലിയുടെ നിര്‍മാണം പൂര്‍ത്തിയായി. നെടുങ്കണ്ടം പഞ്ചായത്ത് കേരള തമിഴ്നാട് അതിര്‍ത്തി മേഖലയായ തേവാരംമെട്ടിലും, പുഷ്പകണ്ടം അണക്കരമെട്ടിലുമായി 2900 മീറ്റര്‍ ദൂരത്തിലാണ് ഫെന്‍സിങ് സ്ഥാപിച്ചത്.നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന് സോളാര്‍ ഫെന്‍സിങ്ങിന്റെ കമ്മിഷനിങ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പത്ത് ലക്ഷത്തോളം രൂപ മുതല്‍ മുടക്കിയാണ് ഫെന്‍സിങ് സ്ഥാപിച്ചത്. പുഷ്പക്കണ്ടം അണക്കരമെട്ടിലെ അതിര്‍ത്തിപ്രദേശത്ത് സ്ഥാപിച്ച സോളാര്‍ വൈദ്യുതി വേലി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴുതെറിഞ്ഞതോടെ ഫെന്‍സിങ് നിര്‍മാണം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതിയും തമിഴ്നാട് വനംവകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് വിഷയത്തില്‍ പരിഹാരമായത്. തര്‍ക്കം ഉയര്‍ന്ന സ്ഥലത്തെ വേലി മാറ്റി സ്ഥാപിച്ചതോടെയാണ് വിഷയത്തില്‍ പരിഹാരം ഉണ്ടായത്.
മേഖലയിലെ കാട്ടാന ശല്യം തടയാനാണ് പഞ്ചായത്ത് സോളാര്‍ വൈദ്യുതി വേലി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ആദ്യം സ്ഥാപിച്ച വേലി തമിഴ്നാട് വനംവകുപ്പ് മുറിച്ചു നശിപ്പിച്ചിരുന്നു. ഇതിനെതിരെ നെടുങ്കണ്ടം പഞ്ചായത്ത് ജില്ലാ കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്കി. തുടര്‍ന്നാണ് ചര്‍ച്ചയിലൂടെ വിഷയത്തിന് പരിഹാരമായത്. കേരള – തമിഴ്നാട് അതിര്‍ത്തിയായ അണക്കരമെട്ടില്‍ 1,600 മീറ്റര്‍ ദൂരത്തിലാണ് ഫെന്‍സിങ് സ്ഥാപിച്ചത്. വേലിയിലേക്കുള്ള വൈദ്യുതി കണക്ഷന് വിഛേദിച്ച ശേഷം പോസ്റ്റുകള്‍ പൂര്‍ണമായും പിഴുത് സമീപത്തെ പറമ്പിലേക്ക് എറിയുകയും കമ്പികള്‍ മുറിച്ചുമാറ്റുകയുമായിരുന്നു. വേലി പൂര്‍ണമായും നശിപ്പിച്ചതോടെ നെടുങ്കണ്ടം പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
മുന്‍പും തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വേലി നിര്‍മാണം തടഞ്ഞിരുന്നു. അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കെ.എസ്.ആര് എസ്റ്റേറ്റില്‍ ഇളങ്കോവന്, സഹോദരന് രാജ്മോഹന്‍ എന്നിവരുടെ സ്ഥലം തമിഴ്നാടിന്റേതാണെന്ന വാദവുമായെത്തിയ ഉദ്യോഗസ്ഥര്‍ ഇളങ്കോവനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും, ഇവിടെ വേലി സ്ഥാപിച്ചാല്‍ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട് വനംവകുപ്പ് തടഞ്ഞ ഫെന്‍സിങ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് തീരുമാനമെടുക്കുകയായിരുന്നു.