വീട്ടമ്മയെ സൗഹൃദം നടിച്ച് വിളിച്ചു കൊണ്ടുപോയി മാരക മയക്കുമരുന്നായ എം.ഡി.എം.എ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിലായി. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്സിൻ (28), മണക്കോടൻ ആഷിക്ക് (25), എളയിടത്ത് വീട്ടിൽ ആസിഫ് (23) എന്നിവരെയാണ് മലപ്പുറം ഡിവൈ.എസ്.പി പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മുള്ളമ്പാറ പറക്കാടൻ റിഷാദ്, പോലീസ് വീട് വളയുന്നതിനിടയിൽ മുറിയുടെ മേൽക്കൂരയിലെ ഓട് പൊളിച്ച് പുറത്തുചാടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
ഇന്‍സ്റ്റഗ്രാമില്‍ വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മുഹ്‌സിനാണ്. മഞ്ചേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഹ്‌സിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമം, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ന്യൂജെന്‍ സ്റ്റൈലില്‍ വന്ന മുഹ്സിനോട് ആദ്യമെല്ലാം അകല്‍ച്ച പാലിച്ച യുവതി പിന്നീട് സൗഹൃദത്തിലായി. കുഞ്ഞുങ്ങളുള്ള യുവതിയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇതുകൊണ്ടുതന്നെ രാത്രി സമയത്തെല്ലാം ഇടതടവില്ലാതെ മെസ്സേജുകളയച്ചു. പിന്നീട് ഫോണ്‍വിളിയായി അടുപ്പും വളര്‍ന്നതോടെ പ്രതി തനിസ്വരൂപം പുറത്തെടുത്തു.
യുവതിയെ ആദ്യം സ്വന്തമായി ഉപയോഗിച്ചതും പിന്നീട് സുഹുത്തുക്കള്‍ക്കു കാഴ്‌ച്ചവെച്ചതും എം.ഡി.എം.എ നല്‍കി മയക്കിയശേഷമായിരുന്നു. തനിക്കു അഞ്ചുതവണയോളം എം.ഡി.എം.എ നല്‍കിയതായാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. ഇത് മാരക മയക്കുമരുന്നായ എം.ഡി.എം.എ ആണെന്നുപോലും ഇവര്‍ക്കു അറിയില്ലായിരുന്നത്രേ.
സഹോദരനൊപ്പം എത്തിയാണു യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. യാതൊരു കാരണവശാലും കേസില്‍നിന്നും പിന്മാറില്ലെന്നും ഏതറ്റംവരെയും പോയി പ്രതികള്‍ക്കു ശിക്ഷ വാങ്ങിച്ചു നല്‍കും എന്ന നിലപാടിലാണിപ്പോൾ ഇവരുടെ ഭര്‍ത്താവും വീട്ടുകാരും. മറ്റൊരു സ്ത്രീക്കും സമാനമായ അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും ഇവര്‍ പറയുന്നു.
പ്രതിയായ മുഹ്സിന്‍ ഫോണിലൂടെ ബന്ധം തുടരുകയും സൗഹൃദം നടിച്ച് വീട്ടമ്മക്ക് പലതവണയായി അതിമാരക മയക്കുമരുന്ന് നല്‍കി വരുതിയിലാക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടമ്മയെ പലസ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ബലാല്‍സംഗത്തിനിരയാക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ പ്രതികളുടെ വീടുകളിലെത്തിയാണ് അന്വേഷണം സംഘം യുവാക്കളെ പിടികൂടിയത്.