Movie

തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ ആരവം ഉയർത്തി ‘എന്നാലും ന്റെ അളിയാ’ മുന്നേറുന്നു, ‘അളിയൻസ്’ സീരിയലിലൂടെ മലയാളിയെ ചിരിപ്പിച്ച ശ്രീകുമാര്‍ അറയ്ക്കലും ബാഷ് മൊഹമ്മദും ചേർന്നൊരുക്കിയ ചിത്രം

സിനിമ

ജയൻ മൺറോ

  ശ്രീകുമാര്‍ അറയ്ക്കലിന്റെ തിരക്കഥയിൽ ബാഷ് മൊഹമ്മദ് സംവിധാനം ചെയ്ത ‘എന്നാലും ന്റെ അളിയാ’ തീയേറ്ററുകളിൽ ചിരിയുടെ ആരവമുയർത്തി മുന്നേറുകയാണ്. അളിയൻസ് 240 എപ്പിസോഡുകളിലൂടെ കുടുംബ പ്രേക്ഷകരിൽ ചിരിയുടെ പൂത്തിരി നിറച്ച ശ്രീകുമാറിന്റെ ആദ്യ തിരക്കഥയാണ് ‘എന്നാലും ന്റെ അളിയാ’. സിനിമ കണ്ടിറങ്ങിയപ്പോൾ പ്രിയ സുഹൃത്ത് ശ്രീകുമാറിന്റെ കഴിവിൽ ഏറെ അഭിമാനം തോന്നി. ഇതുപോലൊന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് നാളേറെയായി.

കഥയുടെ പശ്ചാത്തലം ദുബായ് ആണ്. പക്ഷേ പതിവ് പ്രവാസ സിനിമകളുടെ പാതകളിലൂടെയോ സംഭവങ്ങളിലൂടെയോ സഞ്ചരിക്കുന്ന ചിത്രമേയല്ല ‘എന്നാലും ന്റെ അളിയാ’. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുച്ചേരലിന്റെ കഥയാണിത്. ജോലിത്തിരക്കുകളില്‍ വലയുന്ന ബാലു (സുരാജ് വെഞ്ഞാറമ്മൂട്). പക്ഷേ ഭാര്യ ലക്ഷ്മി (ഗായത്രി അരുൺ) അയാളെ മനസ്സിലാക്കി കൂടെ തന്നെയുണ്ട്. നാട്ടില്‍ നിന്ന് ജോലി തേടിയെത്തിയ അളിയന്‍ വിവേകും (ജോസ് കുട്ടി) ബാലുവിനോടൊപ്പമാണ് താമസം. ഉഴപ്പനായ വിവേക് ബാലുവിന് ഒരു ഭാരം തന്നെയാണ്. ഇതിനിടയില്‍ അവിചാരിതമായി ബാലു കോണ്‍ട്രാക്ടറും കോഴിക്കോട്ടുകാരനുമായ കരീമിനെ (സിദ്ദീഖ്) കണ്ടുമുട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ‘എന്നാലും ന്റെ അളിയാ’യുടെ വളർച്ച.

സുരാജ് വെഞ്ഞാറമൂട് ബാലുവിനെ ജീവനുറ്റതാക്കി. സിദ്ദിഖിൻ്റെ കരീം ആസ്വാദകരെ കുടുകുടാ ചിരിപ്പിക്കുന്നു. സംഭാഷണത്തില്‍ തുടങ്ങി ചെറു ചലനങ്ങളില്‍വരെ ചിരി പടര്‍ത്താന്‍ സിദ്ദിഖിനായി. സുലുവായി പകർന്നാടിയ ലെനയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണിത്. ഒരോ രംഗങ്ങളിലും സിദ്ദിഖിനൊപ്പം മത്സരിച്ച് അഭിനയിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു ലെന.

കലര്‍പ്പില്ലാത്ത തമാശകളാണ് ചിത്രത്തിന്റെ ജീവൻ. ചിരിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചുമൊക്കെ കഥാപാത്രങ്ങള്‍ നിറഞ്ഞാടുകയാണ്. സന്ദര്‍ഭോചിതമായ തമാശകള്‍ കൂട്ടിയിണക്കിയതോടെ കൂടുതല്‍ ആസ്വാദ്യതയും അനുഭവപ്പെടുന്നു. അപ്രതീക്ഷിതമായ വഴികളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അപ്പോഴും പ്രവാസലോകത്തിന്റെ ദുരിതങ്ങളും പ്രയാസങ്ങളുമൊക്കെ ഹൃദ്യമായി വരച്ചുകാട്ടുന്നുമുണ്ട്.

കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ നമ്പരുകളും ചിത്രത്തിലുണ്ട്. മുഷിപ്പില്ലാത്ത പുത്തന്‍ തമാശകളും രസകരമായ കഥ പറച്ചിലുമാണ് ‘എന്നാലും ന്റെ അളിയാ’യുടെ സവിശേഷത. സിദ്ദിക്കും, സുരാജും, ലെനയുമെല്ലാം ചേർന്ന് മികച്ചൊരു സിനിമാനുഭവം തീർത്തിരിക്കുകയാണ്. ബ്ലാക്ക് കോമഡിയിൽ ഊന്നിയുള്ള സ്ക്രിപ്റ്റും അഭിനേതാക്കളുടെ പ്രകടനവും വിരസത ഇല്ലാതെയുള്ള സിനിമയുടെ മേക്കിങ്ങും തിയറ്ററിൽ ഇടവിട്ടുള്ള പൊട്ടിച്ചിരിയുടെ അലയുയർത്തി. അങ്ങനെ ശ്രീകുമാറിന്റെ ആദ്യ തിരക്കഥ സൂപ്പർ ഹിറ്റാകുന്നു, ഒപ്പം ശ്രീകുമാർ മലയാളത്തിലെ തിരക്കുള്ള ഒരു കോമഡി സ്ക്രിപ്റ്റ് റൈറ്റർ കൂടി ആകുകയാണ്. കുടുംബ സമേതം എല്ലാവരും കാണേണ്ട സിനിമ തന്നെയാണ് ‘എന്നാലും ന്റെ അളിയാ’. സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകന് ചിരിയ്‌ക്കൊപ്പം ചിന്തിയ്ക്കാനും ഈ സിനിമ ഇടം നല്‍കുന്നുണ്ട്. പരീക്ഷണങ്ങളുടെയും ആത്മസംഘർഷത്തിന്റെയും മിഴിവാർന്ന ജീവിതാനുഭവങ്ങൾ ചിത്രത്തിലുട നീളം  അനുഭവപ്പെടും. ജീവിതത്തിലെ എല്ലാ മേഖലയിലുമുള്ള വ്യക്തികളുമായും നാടും നഗരവുമായൊക്കെ ഏറെ അടുത്തു നിൽക്കുന്ന ശ്രീകുമാറിൽ നിന്ന് മാത്രമേ തീർച്ചയായും ഇത്തരം ഒരു തിരക്കഥ ഉണ്ടാവുകയുള്ളൂ. .

ഒരു സിനിമയുടെ നട്ടെല്ല് എന്നത് സിനിമയുടെ തിരക്കഥ തന്നെയാണ്.

ശ്രീകുമാറിനും, അഭിനേതാക്കൾക്കും, മികച്ച രീതിയിൽ ചിത്രം മാർക്കറ്റ് ചെയ്ത മാജിക് ഫ്രയിമിനും ചിത്രം നന്നായി ചിത്രീകരിച്ച ഭാഷ് മുഹമ്മദിനും അഭിനന്ദനങ്ങൾ

Back to top button
error: