രജനികാന്ത് നായകനാകുന്ന ‘ജയിലറി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ‘ജയിലര്‍’ കഥാപാത്രമായി രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. ‘ജയിലറു’ടെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. മലയാളി ആരാധകരെയും ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് ‘ജയിലറെ’ കുറിച്ച് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്.
മലയാളികളുടെ പ്രിയ താരം മോഹൻലാല്‍ രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഒരു അതിഥി വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹൻലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ പറയുന്നു. രമ്യാ കൃഷ്‍ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്‍കുമാറും വേഷമിടുന്നുണ്ട്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
#Mohanlal doing a small Cameo in #Jailer 🔥🔥
His portions will be shoot for 2-3 days 🎬
Mohanlal from Mollywood, Shivraj Kumar from Sandalwood….A perfect pan Indian film🥵#Rajinikanth – #NelsonDilipkumar— AmuthaBharathi (@CinemaWithAB) January 5, 2023
സ്റ്റണ്ടി ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് ‘ജയിലര്‍’. രജനികാന്ത് നായകനാകുന്ന ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ആദ്യ സ്ഥാനത്തുതന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.
തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അരങ്ങേറ്റമായ ‘കോലമാവ് കോകില’യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’ ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ ‘ബീസ്റ്റ്’ ആയിരുന്നു. ‘ബീസ്റ്റ്’ എന്ന ചിത്രം പരാജയമായിരുന്നു. ‘ജയിലറി’ലൂടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. ‘ജയിലറു’ടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ ചര്‍ച്ചയായിരുന്നു.