NEWSWorld

വിമാനത്താവളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു സമ്മാനപ്പൊതി; ഉള്ളിൽ സ്വർണമോ മയക്കുമരുന്നോ അല്ല, പിന്നെയോ ?

മെക്സിക്കോയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ഒരു സമ്മാനപ്പൊതിയാണ് ലോകത്തെ അ‌മ്പരപ്പിക്കുന്ന ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്. പുതുവർഷം പ്രമാണിച്ച് കൊറിയർ കമ്പനികളിൽ ഇപ്പോൾ ധാരാളം സമ്മാനപ്പൊതികൾ ​കുമിഞ്ഞ് കൂടുന്ന സമയമാണ്. അ‌ത് കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമെല്ലാം എത്തേണ്ട ഇടങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്ന സമയം. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മെക്‌സിക്കോയിലെ ക്വെറെറ്റാരോ ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ സ്ഥിതി ചെയ്യുന്ന കൊറിയർ കമ്പനിയിൽ കു​റെയേറെ പാഴ്സലുകൾ എത്തി.

അ‌മേരിക്കയിലേക്കുള്ളതായിരുന്നു ഈ പാഴ്സലുകൾ. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇവയെല്ലാം സ്കാനർ വഴി കടത്തിവിടുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ എക്സ്-റേ മെഷീന്റെ ഡിസ്പ്ലേയിൽ ഒരു അജ്ഞാത വസ്തുവിന്റെ ചില വിചിത്ര ചിത്രങ്ങൾ കണ്ടത്. എന്താണ് ആ പാഴ്സലിനുള്ളിൽ കാണുന്നതെന്ന് വ്യകതമാകാഞ്ഞ അവർ അ‌ത് പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്ന് പാഴ്സൽ ബോക്സ് കണ്ടെത്തി തുറക്കാൻ തുടങ്ങി.

Signature-ad

ബോക്സ് തുറന്നപ്പോൾ പുറമേ പേപ്പറുകൊണ്ട് പൊതിഞ്ഞ് അ‌തിനുള്ളിൽ അ‌ലൂമിനിയം പേപ്പർ ഉപയോഗിച്ച് വീണ്ടും പൊതിഞ്ഞിരിക്കുന്നതായി കണ്ടു. തുടർന്ന് ആകാംക്ഷ കൂടിയ ഉദ്യോഗസ്ഥർ പക്ഷേ ഉള്ളിലെന്താണ് എന്ന് കണ്ടതോടെ ശരിക്കും ഞെട്ടി. സിലിണ്ടർ ആകൃതിയിൽ ഉണ്ടായിരുന്ന ആ ബോക്സിനുള്ളിൽ മനുഷ്യന്റെ നാല് തലയോട്ടികളാണ് ഉണ്ടായിരുന്നത്. ഇതാദ്യമായാണ് ലോകത്ത് ഏതെങ്കിലും വിമാനത്താവളത്തിൽ മനുഷ്യന്റെ തലയോട്ടി പാഴ്സലിൽനിന്ന് പിടികൂടുന്നത്.

ഇതിനുമുമ്പ് ഇങ്ങനെയൊരു ചരിത്രം ലോകത്ത് ഉണ്ടാകാത്തതിനാൽത്തന്നെ സംഭവത്തിൽ വിശദമായ അ‌ന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി പാഴ്സൽ എത്തേണ്ടിയിരുന്ന അ‌ഡ്രസും അ‌യച്ച ആളുടെ അ‌ഡ്രസും കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അ‌ന്വേഷണം നടക്കുന്നത്. മെക്‌സിക്കോയുടെ ഏറ്റവും അക്രമാസക്തമായ ഭാഗങ്ങളിലൊന്നും പടിഞ്ഞാറൻ തീരദേശ സംസ്ഥാനവുമായ മൈക്കോവാകനിൽ നിന്നാണ് പാക്കേജ് അയച്ചതെന്നും അ‌മേരിക്കയിലെ സൗത്ത് കരോലിനയിലുള്ള മാനിംഗ് പട്ടണത്തി​ലെ വിലാസത്തിലേക്കാണ് ഇത് അയച്ചതെന്നും ആണ് വിവരം.

കൊലപാതകവും പ്രതികാരവും ലക്ഷ്യമിട്ട് ഏതോ സൈക്കോ കില്ലർ അയച്ച പാഴ്സലാണോ ഇത്? അതോ മെഡിക്കൽ ഗവേഷണത്തിനായി പാഴ്സൽ ചെയ്തതാണോ? എന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. എന്തായാലും അ‌നുമതിയില്ലാതെയാണ് മനുഷ്യാവശിഷ്ടങ്ങൾ അ‌യച്ചിരിക്കുന്നത് എന്നതിനാൽത്തന്നെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നമ്മുടെ പല വിമാനത്താവളങ്ങളിലും ഇപ്പോൾ ദിവസവും സ്വർണ്ണം പിടിച്ചെടുക്കുന്നതുപോലെ പണ്ട് മെക്സിക്കോയിലെ വിമാനത്താവളങ്ങളിലൂടെ മയക്കുമരുന്ന് സാമഗ്രികൾ ഒഴുകിയിരുന്നു. എന്നാൽ ഇതാദ്യമായാണ് മനുഷ്യ തലയോട്ടികൾ കോളിളക്കം സൃഷ്ടിക്കുന്നത്.

Back to top button
error: