ഇരട്ടക്കുട്ടികളോട് എല്ലാവർക്കും ഒരു പ്രത്യേക സ്നേഹം ആയിരിക്കും. അമ്മയുടെ വയറ്റിൽ നിന്നും ഒരേ ദിവസം ഒരുമിച്ചു പുറത്തേക്ക് വരുന്ന കുഞ്ഞുങ്ങളെയാണ് ഇരട്ട കുട്ടികൾ എന്ന് നമ്മൾ പൊതുവിൽ പറയുന്നത്. പലപ്പോഴും ഇവരുടെ ജനനസമയങ്ങൾ തമ്മിൽ മിനിറ്റുകളുടെ വ്യത്യാസം മാത്രമേ കാണുകയുള്ളൂ. എന്നാൽ കഴിഞ്ഞ ദിവസം ടെക്സസിൽ നിന്നുള്ള ദമ്പതികൾ പങ്കുവെച്ചത് മറ്റൊരു കഥയാണ്. അവരുടെ ഒരു കുഞ്ഞു ജനിച്ചത് 2022 -ലും അടുത്ത കുഞ്ഞ് ജനിച്ചത് 2023 -ലും ആണ്. രസകരമായ ആ കഥ ഇങ്ങനെയാണ്.
2022 ഡിസംബർ 31-ന് രാത്രി 11. 55 -ന് ഇരട്ടക്കുട്ടികളിൽ ആദ്യത്തെ കുഞ്ഞിനെ പുറത്തെടുത്തു. ആദ്യത്തെ കുഞ്ഞു പിറന്ന് ഏഴ് മിനിറ്റ് കഴിഞ്ഞപ്പോൾ 2023 ജനുവരി ഒന്നിലെ ആ പുതുവർഷ പുലരിയിൽ അവളുടെ രണ്ടാമത്തെ കുഞ്ഞും പിറന്നു. ആദ്യം പിറന്ന കുഞ്ഞിന് ആനി ജോ എന്നും രണ്ടാമത് ഉണ്ടായ കുഞ്ഞിന് എഫി റോസ് എന്നുമാണ് പേര് നൽകിയിരിക്കുന്നത്. ഏതായാലും വെറും മിനിറ്റുകളുടെ വ്യത്യാസത്തിൽ മാത്രമാണ് ഈ കുഞ്ഞു സഹോദരിമാർ രണ്ടു വർഷങ്ങളിലായി പിറന്നിരിക്കുന്നത്.
അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു ജനനമാണ് ഇവരുടെത്. കഴിഞ്ഞവർഷം കാലിഫോണിയയിൽ നിന്നുള്ള ദമ്പതികൾക്കും സമാനമായ രീതിയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുവർഷങ്ങളിലായി കുഞ്ഞുങ്ങൾ പിറന്നിരുന്നു. 2021 ഡിസംബർ 31-നും 22 ജനുവരി ഒന്നിനുമായാണ് കാലിഫോർണിയയിൽ നിന്നുള്ള ഫാത്തിമ മാട്രിഗൽ എന്ന യുവതി തന്റെ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഏതായാലും ഇനി ഒരു 12 മാസം കൂടി കാത്തിരിക്കാം മറ്റാരെങ്കിലും ഈ കഥ തുടരുമോ എന്നറിയാൻ.