ബത്തേരി: നഗരമധ്യത്തിൽ ഒരാളെ കാട്ടാന ആക്രമിച്ചതിനു പിന്നാലെ ബത്തേരി നഗരസഭയിലെ 10 വാർഡുകളിൽ നിരോധനാജ്ഞ. കാട്ടാന ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ വനംവകുപ്പ് പ്രദേശത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭയിലെ പത്തുവാര്‍ഡുകളില്‍ സബ് കലക്ടര്‍ ആര് ശ്രീലക്ഷ്മി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചെ ബത്തേരി നഗരമധ്യത്തില്‍ ഇറങ്ങിയ കാട്ടാന ഭീതി പരത്തിയിരുന്നു.
കാട്ടാന ആക്രമണത്തില്‍ നിന്നു വഴിയാത്രക്കാരന് തമ്പി എന്നയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തമ്പിയെ കാട്ടാന തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു. വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി രക്ഷയായി. കൈവരി തടസ്സമായി നിന്നത് കൊണ്ട് കാട്ടാനയുടെ തുടര്‍ന്നുള്ള ആക്രമണത്തില്‍ നിന്ന് തമ്പി രക്ഷപ്പെടുകയായിരുന്നു. നിസാര പരിക്കേറ്റ തമ്പിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടില്‍നിന്നു വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ട കൊലയാളി ആനയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ ഉച്ച മുതല്‍ കാട്ടാന കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്നു. വൈകീട്ട് കാട്ടിലേക്കു പോയിക്കാണുമെന്ന നിഗമനത്തിലായിരുന്നു വനപാലകര്‍. അതിനിടെയാണ് വീണ്ടും ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയത്.