മുംബൈ: ബുൾഡോസറുകൾ സമാധാനത്തിന്റെയും വികസനത്തിന്റെയും അടയാളമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുംബൈയിൽ ചടങ്ങിൽ സംസാരിക്കവെയാണ് യോഗി ഇക്കാര്യം പറഞ്ഞത്. ഉത്തർപ്രദേശിൽ ഫിലിം സിറ്റി സ്ഥാപിക്കുക എന്നതിന്റെ ലക്ഷ്യം സിനിമാ വ്യവസായത്തെ മുംബൈയിൽ നിന്ന് മാറ്റുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 10 മുതൽ 12 വരെ ലക്നൗവിൽ നടക്കാനിരിക്കുന്ന യുപി സർക്കാരിന്റെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി ആഭ്യന്തര നിക്ഷേപകരെ ആകർഷിക്കാൻ മുംബൈയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് യോഗി ആദിത്യനാഥ്. ബുൾഡോസർ നടപടിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് യോഗി മറുപടി നൽകിയത്.
ബുൾഡോസറുകൾ ഉപയോഗിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളിലും വികസന പ്രവർത്തനങ്ങളിലുമാണ്. അതേസമയം, ആളുകൾ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ ക്രമസമാധാനം സ്ഥാപിക്കാനായി ബുൾഡോസറുകൾ ഉപയോഗിക്കാം. അപ്പോൾ അവ സമാധാനത്തിന്റെയും വളർച്ചയുടെയും പ്രതീകമാകുമെന്നും യോഗി വിശദീകരിച്ചു. ഉത്തർപ്രദേശിൽ കുറ്റവാളികളുടെ സ്വത്തുക്കൾ നശിപ്പിക്കാൻ ബുൾഡോസർ ഉപയോഗിച്ചതിന് ശേഷം യോഗിയെ ബുൾഡോസർ ബാബ എന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചിരുന്നു. ഉത്തർപ്രദേശിലെ ജനങ്ങൾ ഇന്ന് തങ്ങളുടെ വ്യക്തിത്വത്തിൽ അഭിമാനിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുപി സ്വന്തം ഫിലിം സിറ്റി രൂപീകരിച്ച് സിനിമാ വ്യവസായത്തെ മുംബൈയിൽ നിന്ന് അടർത്തിയെടുക്കാൻ ശ്രമിക്കുകയാണെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, മുംബൈ സമ്പത്തിന്റെ നഗരമാണെന്നും യുപി ധർമ്മഭൂമിയാണെന്നും ഇവ സംഗമിച്ചാൽ മനോഹരമാകുമെന്നും യോഗി പറഞ്ഞു.