IndiaNEWS

വനിതാ ഡോക്ടർ അമിത ഡോസ് അനസ്തേഷ്യ കുത്തിവച്ച് ജീവനൊടുക്കി; സമ്മര്‍ദ്ദം താങ്ങാൻ കഴിയുന്നില്ലെന്ന് ആത്മഹത്യാകുറിപ്പ് 

ഭോപ്പാൽ: സമ്മര്‍ദ്ദം താങ്ങാൻ കഴിയുന്നില്ലെന്നും മാതാപിതാക്കൾ ക്ഷമിക്കണമെന്നും ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് വനിതാ ഡോക്ടർ ജീവനൊടുക്കി. നാല് ഡോസ് അനസ്തേഷ്യ കുത്തിവെച്ചാണ് ആത്മഹത്യ. ഭോപ്പാലിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഗാന്ധി മെഡിക്കൽ കോളജിലെ (ജിഎംസി) ഹോസ്റ്റലിൽ 24കാരിയായ വനിതാ ഡോക്ടർ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആകാൻഷ മഹേശ്വരി എന്ന ഡോക്ടറുടെ മൃതദേഹം ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ഒഴിഞ്ഞ കുത്തിവയ്പ്പ് കുപ്പികളും ഒരു സിറിഞ്ചും പൊലീസ് പിടിച്ചെടുത്തു.

2.5 മില്ലി വീതം നാല് ഡോസ് അനസ്തേഷ്യ ശരീരത്തില്‍ സ്വയം കുത്തിവച്ചിട്ടുണ്ട്. മാനസികമായി ശക്തയല്ലെന്നും സമ്മര്‍ദ്ദം താങ്ങാൻ കഴിയുന്നില്ലെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തി. തന്റെ മരണത്തിന് ആരും ഇതിന് ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പരാമർശിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുമുണ്ട്.

Signature-ad

സർക്കാർ നടത്തുന്ന ജിഎംസിയിൽ നിന്ന് പീഡിയാട്രിക് സ്ട്രീമിൽ ബിരുദാനന്തര ബിരുദത്തിനുള്ള കോഴ്‌സിന്റെ ആദ്യ വർഷത്തിലായിരുന്നു ആകാൻഷ മഹേശ്വരി. ഇന്നലെ രാവിലെ ഏഴ് മണിയോടെ അവർ കുടുംബാംഗങ്ങളുമായി സംസാരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ മുതൽ ഇവരുടെ മുറിയുടെ വാതിൽ അടച്ചിരുന്നതായി മറ്റ് ഹോസ്റ്റൽ അന്തേവാസികൾ പറയുന്നു. വൈകീട്ട് അവർ തിരിച്ചെത്തിയപ്പോഴും വാതില്‍ അടഞ്ഞുതന്നെ കിടക്കുന്നതുകണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും മെഡിക്കൽ മാനേജ്‌മെന്റ് മാനേജുമെന്റിനെയും അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് യുവതിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഗ്വാളിയോര്‍ സ്വദേശിയായ ആകാൻഷ ഒരു മാസം മുമ്പാണ് ജിഎംസിയിൽ ചേർന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Back to top button
error: