അഹമ്മദാബാദ്: ഷാരൂഖ് ഖാന്റെ ‘പത്താന്‍’ സിനിമയുടെ പ്രമോഷനെതിരെ ബജ്റംഗ്ദള്‍ പ്രതിഷേധം. അഹമ്മദാബാദിലെ കര്‍ണാവതിയിലെ മാളില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി ബോര്‍ഡുകള്‍ തല്ലിത്തകര്‍ത്തു. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ മാളിലേക്ക് അതിക്രമിച്ചുകയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഷാരൂഖ് ഖാനും ദിപീക പദുക്കോണും നായികാനായകന്‍മാരായ പത്താനിലെ ‘ബേഷരം രംഗ്’ എന്ന ഗാനം പുറത്തുവന്നതോടെയാണ് സിനിമ വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്. ഗാനരംഗത്തില്‍ ദീപിക അണിഞ്ഞ വസ്ത്രത്തിന്റെ നിറമാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്. ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യമുയരുകയും ഷാരൂഖ് ഖാന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സിനിമയില്‍ മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡും ആവശ്യപ്പെടുകയായിരുന്നു. ഗാനരംഗങ്ങളില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ വരുത്താനും പുതുക്കിയ പതിപ്പ് സമര്‍പ്പിക്കാനും നിര്‍മാതാക്കളോട് നിര്‍ദേശിച്ചെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍ പ്രസൂണ്‍ ജോഷി അറിയിച്ചത്.