IndiaNEWS

ഭാരത്  ജോഡോ യാത്ര: രാമക്ഷേത്രത്തിലെ മുഖ്യപൂജാരിക്കു പിന്നാലെ രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്

  • ‘കാല്‍നടയായി രാജ്യം മുഴുവന്‍ സഞ്ചരിക്കുന്ന യുവാവിനെ അഭിനന്ദിക്കുന്നു’

ലഖ്‌നൗ: ഭാരത് ജോഡോ യാത്ര നയിക്കുന്ന കോൺഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. കാല്‍നടയായി രാജ്യം മുഴുവന്‍ സഞ്ചരിക്കുന്ന യുവാവിനെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിന് പിന്നാലെയാണ്‌ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി രംഗത്തെത്തിയത്. ഇത്തരമൊരു ഉദ്യമത്തിനായി രാഹുല്‍ ഗാന്ധി ഇറങ്ങിപ്പുറപ്പെട്ടതില്‍ യാതൊരു തെറ്റുമില്ലെന്ന് ചമ്പത് റായ് പറഞ്ഞു. കാല്‍നടയായി രാജ്യം മുഴുവന്‍ സഞ്ചരിക്കുന്ന യുവാവിനെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

താന്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നും ആര്‍.എസ്.എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ചിട്ടില്ലെന്നും ചമ്പത് റായ് പറഞ്ഞു. ‘കാല്‍നടയായി രാജ്യം മുഴുവന്‍ നടക്കുന്ന യുവാവിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഭാരത് ജോഡോ യാത്രയില്‍ തെറ്റൊന്നുമില്ല. ഞാന്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. ആര്‍.എസ്.എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ചിട്ടില്ല. കഠിനമായ കാലാവസ്ഥയിലും അദ്ദേഹം നടക്കുകയാണ്. ഇത് അഭിനന്ദിക്കപ്പെടണം. എല്ലാവരും ഇത്തരത്തില്‍ യാത്ര നടത്തണമെന്നാണ് പറയാനുള്ളത്,’ – ചമ്പത് റായ് പറഞ്ഞു.

Signature-ad

രാമക്ഷേത്ര ട്രസ്റ്റിലെ മുതിര്‍ന്ന അംഗമായ ഗോവിന്ദ് ദേവ് ഗിരിയും ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. ‘രാജ്യം എപ്പോഴും ഐക്യത്തോടെയും ശക്തിയോടെയും നിലനിര്‍ത്താന്‍ രാഹുലിനെ അനുഗ്രഹിക്കണമെന്ന് ഞാന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കും,’ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനുള്ള മഹത്തായ മുദ്രവാക്യമാണ് ഭാരത് ജോഡോ യാത്ര മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുല്‍ ഗാന്ധിക്ക് ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്നാണ് രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് ജോഡോ യാത്രക്ക് ആശംസകളറിയിച്ചുകൊണ്ട് പറഞ്ഞത്. കത്തിലൂടെയാണ് അദ്ദേഹം ആശംസകളറിയിച്ചത്. നിങ്ങള്‍ പോരാടുന്ന ദൗത്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും, നിങ്ങളുടെ ദീര്‍ഘായുസ്സിനായി അനുഗ്രഹിക്കുന്നുവെന്നും കത്തില്‍ കുറിച്ചു. ഭാരത് ജോഡോ യാത്രയിപ്പോള്‍ ഉത്തര്‍പ്രദേശിലാണ് പര്യടനം നടത്തുന്നത്. യു.പി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്ര ജനുവരി 30ന് കശ്മീരിലവസാനിക്കും.

Back to top button
error: