കാവാലത്തിന് ശേഷം മലയാളത്തനിമയും കുട്ടനാടൻ ശീലുകളും ഹരിതഭംഗിയും കൊണ്ട് മലയാളിയുടെ മനം നിറച്ച ബീയാർ പ്രസാദ്
ജയൻ മൺറോ
സാഹിത്യത്തിൽ ബിരുദധാരിയായ ബീയാർ പ്രസാദ് ചെറുപ്പകാലം തൊട്ടേ കവിതകൾ വായിക്കുകയും സാഹിത്യരചനകൾ നടത്തുകയും ചെയ്തിരുന്നു. കവിതാസ്വാദകനായിരുന്നെങ്കിലും, മങ്കൊമ്പ് മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തിലേ ബി.ആർ. പ്രസാദ് എന്ന പേരിൽ കഥയാണ് എഴുതി തുടങ്ങിയത്. അതേ പേരിൽ മറ്റൊരു എഴുത്തുകാരനുണ്ടെന്ന് മനസ്സിലാക്കി പേര് ബീയാർ പ്രസാദ് എന്നു പരിഷ്കരിച്ചു. ചെറുപ്പത്തിൽ സംഗീതവും താളവാദ്യവുമായിരുന്നു ഇഷ്ടം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങളെഴുതി അവതരിപ്പിച്ചു. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതി. ഏഷ്യാനെറ്റ് ചാനലിൽ പ്രസാദ് അവതാരകാനായി എത്തിയ ‘സുപ്രഭാതം’ പരിപാടി മലയാളികളെയാകെ ആകർഷിച്ചിരുന്നു. ഹൃദ്യവും രസകരവുമായിരുന്നു പ്രസാദിന്റെ വാക്ധോരണി. കലയും സംസ്കാരവും നാട്ടറിവുകളും നാടൻ ചൊല്ലുകളും കവിതയും മറ്റ് വിജ്ഞാനശകലങ്ങളുമൊക്കെ സമന്വയിപ്പിച്ച് പ്രഭാതത്തിൽ മനസ്സിനെ ഉന്മേഷഭരിതമാക്കുന്ന ഒന്നായിരുന്നു ബീയാർ പ്രസാദിന്റെ ‘സുപ്രഭാതം.’ അത്തരം പ്രതിഭകൾ ഇന്ന് ചാനലുകളിൽ അപൂർവ്വമാണ്.
നാടക രചന, സംവിധാനം എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 1993 ൽ ‘ജോണി ‘ എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിച്ചത്. പ്രസാദ് രചിച്ച ‘ഷഡ്കാല ഗോവിന്ദമാരാർ’ എന്ന നാടകത്തിന് തിരുവനന്തപുരത്തെ നാടകമൽസരത്തിൽ മികച്ച രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചു. എം.ടിയുടെ പിന്തുണയോടെ അതു സിനിമയാക്കാൻ കുറച്ചു കാലം അലഞ്ഞു നടന്നെങ്കിലും സ്ഥലമായില്ല. പിന്നീട് ഭരതനുമായുള്ള സൗഹൃദത്തിൽ ‘ചമയം’ എന്ന ചിത്രത്തിൽ സഹസംവിധായകനായി. ‘ചമയ’ത്തിന്റെ തിരക്കഥയെഴുത്തിൽ ജോൺ പോളിന്റെ സഹായിയുമായി.
കൈരളി ചാനലിന്റെ ‘ഗന്ധർവ്വസംഗീതം’ ഫൈനൽ വടകരയിൽ സംഘടിപ്പിച്ചപ്പോൾ അവതാരകനായി ബീയാർ പ്രസാദും എത്തിയിരുന്നു. അന്ന് ഈ ലേഖകൻ അദ്ദേഹത്തെ നേരിട്ട് കാണുകയും പരിചയപ്പെടുകയും ചെയ്തു.
നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹന്റെ നിർദ്ദേശപ്രകാരം ഒരു കഥ പറയാൻ വേണ്ടി സംവിധായകൻ പ്രിയദർശനെ കണ്ടതാണ് പ്രസാദിന്റെ കലാജീവിതത്തിനു വഴിത്തിരിവായത്. പ്രസാദിന്റെ സാഹിത്യാഭിരുചി മനസ്സിലാക്കിയ പ്രിയദർശൻ തന്റെ അടുത്ത സിനിമയ്ക്ക് ഒരു പാട്ടെഴുതാൻ ആവശ്യപ്പെട്ടു. അങ്ങനെ പ്രിയദർശൻ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന സിനിമയിൽ വിദ്യാസാഗറിന്റെ സംഗീതത്തിന് വരികൾ രചിച്ചുകൊണ്ട് ചലച്ചിത്രഗാനരചയിതാവായി ബീയാർ പ്രസാദ് തുടക്കം കുറിച്ചു. അതിലെ ഗാനങ്ങൾ വൻ ജനപ്രീതി നേടിയതോടെ പിന്നെയും അവസരങ്ങളെത്തി. ‘ജലോൽസവം’ എന്ന സിബി മലയിൽ ചിത്രത്തിലെ ‘കേരനിരകളാടും…’ എന്ന ഗാനം മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങി. കേരളപ്പിറവിക്കു ശേഷമുള്ള, കേരളീയതയുള്ള പത്തു പാട്ടുകൾ ആകാശവാണി തിരഞ്ഞെടുത്തപ്പോൾ അതിൽ രണ്ടാമത് ഈ ഗാനമായിരുന്നു. ചലച്ചിത്രങ്ങൾക്കും ആല്ബങ്ങൾക്കും അടക്കം ഇരുനൂറോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ചന്ദ്രോൽസവം എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാവാലത്തിന് ശേഷം കുട്ടനാടിന്റെ ശീലുകൾ കൊണ്ട് മലയാളിയുടെ മനം നിറച്ചത് ബീയാർ പ്രസാദിന്റെ വരികളിലൂടെയായിരുന്നു.
“കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയ നേരിന്നായ്
പുതു വിള നേരുന്നൊരിനിയ നാടിതാ…
പാടാം കുട്ടനാടിന്നീണം”
“കന്നോടു തരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയർപ്പാലേ മധുമണമോ
ഞാറ്റോല പച്ചവള പൊന്നുംതെളി കൊലുസ്സ്
പെണ്ണിവൾ കള മാറ്റും കളമൊഴിയായ്
കൊറ്റികൾ പകൽ നീളെ കിനാക്കാണും
മൊട്ടിടും അനുരാഗ കരൾ പോലെ
മണ്ണിനും ഇവൾ പോലെ മനം തുടിക്കും…”
ഭാര്യ സനിത പ്രസാദ്. ഒരു മകനും മകളുമുണ്ട്.
ബീയാർ പ്രസാദിന്റെ ശ്രദ്ധേയമായ പാട്ടുകൾ :
1.ഇവർ ഇവർ ഒരേ സ്വരം, ഇവർ (ശ്രീനിവാസ്)
2.ഒന്നാനാം കുന്നിന്മേലേ, കിളിച്ചുണ്ടൻ മാമ്പഴം (വിദ്യാസാഗർ)
3.കസവിന്റെ തട്ടമിട്ട്, കിളിച്ചുണ്ടൻ മാമ്പഴം, (വിദ്യാസാഗർ)
4.ഒന്നാം കിളി പൊന്നാൺകിളി, കിളിച്ചുണ്ടൻ മാമ്പഴം (വിദ്യാസാഗർ)
5.വിളക്കു കൊളുത്തി വരും, കിളിച്ചുണ്ടൻ മാമ്പഴം (വിദ്യാസാഗർ)
6.കേരനിരകളാടും, ജലോത്സവം, (അൽഫോൺസ് ജോസഫ്)
7.കണ്ണീരിന്റെ കായൽ, ജലോത്സവം, (അൽഫോൺസ് ജോസഫ്)
8.കുളിരില്ലം വാഴും, ജലോത്സവം, (അൽഫോൺസ് ജോസഫ്)
9.മദനപതാകയിൽ ഞാൻ, സൽപ്പേര് രാമൻ കുട്ടി (രവീന്ദ്രൻ)
10.കളിയാടി തളിര് ചൂടും, ഞാൻ സൽപ്പേര് രാമൻ കുട്ടി (രവീന്ദ്രൻ)
11.ഏഴൈ പറവകളെ, വാമനപുരം ബസ് റൂട്ട് (സോനു ശിശുപാൽ)
12.ഒരു കാതിലോല ഞാൻ കണ്ടീല, വെട്ടം (ബേണി-ഇഗ്നേഷ്യസ്)
13.ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി, വെട്ടം,
14.മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി, വെട്ടം (ബേണി-ഇഗ്നേഷ്യസ്)
15. മന്ദാരപ്പൂ ചൊരിയും, സർക്കാർ ദാദ, (എം ജയചന്ദ്രൻ)
16. ഇന്നൊരു നാൾ, ലങ്ക, (ശ്രീനിവാസ്)
17. രാഗസുധാരസമായ്, സീതാകല്യാണം, (ശ്രീനിവാസ്)
18. മുത്ത് മുത്ത് രാധേ, തട്ടുംപുറത്ത് അച്യുതൻ (ദീപങ്കുരൻ)
19. മുല്ലപ്പൂവിൻ മുത്തേ, പട്ടണത്തിൽ (സുന്ദരൻ)