ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ലിസമ്മയുടെ വീട്’ റിലീസ് ചെയ്‌തത് 10 വർഷം മുമ്പ് ജനുവരി നാലിന്
സിനിമ ഓർമ്മ
പത്ത് വർഷം മുൻപ് ജനുവരി നാലിനായിരുന്നു ലിസമ്മയുടെ വീട് എന്ന ചിത്രം റിലീസ് ചെയ്‌തത്. ബാബു ജനാർദ്ദനൻ തിരക്കഥയെഴുതിയ ലാൽ ജോസ് ചിത്രം ‘അച്ഛനുറങ്ങാത്ത വീടി’ന്റെ (2006) തുടർച്ചയായിരുന്നു ‘ലിസമ്മയുടെ വീട്’. ബാബു ജനാർദ്ദനൻ ആണ് രചനയും സംവിധാനവും.
കേരളത്തിൽ സൂര്യനെല്ലി സംഭവം ഉണർത്തി വിട്ട ആകുലതകളിൽ നിന്നാണ് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുണ്ടാവുന്നത്. പ്രായപൂർത്തിയാവാത്ത മകൾ സെക്‌സ് റാക്കറ്റുകാരുടെ പിടിയിൽ അകപ്പെട്ടു പോയത് കണ്ട് മനസിന്റെ സമനില തകരാറിലായ അച്ഛന്റെ കഥയായിരുന്നു ‘അച്ഛനുറങ്ങാത്ത വീട്’. കോമഡിയിൽ നിന്നും ക്യാരക്ടർ റോളിലേയ്ക്ക് സലിം കുമാർ നടത്തിയ ഭാവമാറ്റത്തിന് മികച്ച സഹനടനുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.
അച്ഛൻ സാമുവലിന്റെയും സമൂഹത്തിന്റെയും, കണക്കുകൂട്ടലുകൾ തെറ്റിച്ച് ഉയർത്തെഴുന്നേൽക്കുന്ന ലിസമ്മയെ ആണ് രണ്ടാം ചിത്രത്തിൽ കാണുന്നത്. സുഖമില്ലാതെ അച്ഛന്റെയും സഹോദരിമാരുടെയും അത്താണിയായി ഒരു ടെലഫോൺ ബൂത്ത് നടത്തി അവൾ ജീവിച്ചു. ഇഷ്ടപ്പെട്ട് വന്ന പുരുഷനെ കല്യാണം കഴിച്ചു. വിധി, അതോ നമ്മുടെ സമൂഹത്തിന്റെ ദുർഗതിയോ, ലിസമ്മയുടെ ഭർത്താവിനെ അയാളുടെ പഴയ ശത്രുക്കൾ വക വരുത്തുന്നു. അമ്മയായ ലിസമ്മയ്ക്ക് ഇനിയും പടവെട്ടാൻ ജീവിതം ബാക്കി.
സാമുവലിന്റെ മക്കൾ എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര്. ലിസമ്മയായി രണ്ടാം ചിത്രത്തിൽ വേഷമിട്ടത് മീര ജാസ്‌മിൻ.
കുഞ്ചാക്കോ ബോബന്റെ ദൈവം വിൽപ്പനയ്ക്ക് എന്ന ബാബു ജനാർദ്ദനൻ ചിത്രം നിർമ്മിച്ച പി’ടി സലിം ആണ് ‘ലിസമ്മയുടെ വീട്’ നിർമ്മിച്ചത്.
സമ്പാദകർ: സുനിൽ കെ ചെറിയാൻ