
കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിൽ മഴക്കാലത്തെ വെള്ളക്കെട്ട് തടയാൻ കരുതലോടെ കെഎംആർഎൽ. ഒന്നാംഘട്ടം പൂർത്തിയായപ്പോൾ കൊച്ചിക്ക് നാണക്കേടായത് തുടർന്നുള്ള മഴക്കാലങ്ങളിലെ വെള്ളക്കെട്ടായിരുന്നു. ആദ്യഘട്ടത്തിലെ വീഴ്ചകളിൽ പാഠം ഉൾക്കൊണ്ടില്ലെങ്കിൽ രണ്ടാംഘട്ടവും കൊച്ചിയെ കുളമാക്കും. എംജി റോഡിലെയും കലൂരും മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുമ്പോൾ ജനങ്ങൾ ഡിഎംആർസിയെ സ്മരിക്കും. കാരണം മഴവെള്ളത്തിന്‍റെ സഞ്ചാരപാത അടഞ്ഞതും, ഓടകൾ ചുരുങ്ങിയതും, അശാസ്ത്രീയമായ കലുങ്കുകളും എല്ലാം ഒന്നാംഘട്ട മെട്രോ നിർമ്മാണത്തിലെ അപാകതകളാണ്.
പാലാരിവട്ടം,പടമുകൾ ഇവ രണ്ടുമാണ് രണ്ടാം ഘട്ടത്തിൽ നിർമ്മാണത്തിൽ തലവേദന സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ട് സ്ഥലങ്ങളിൽ ശ്രദ്ധയോടെയാണ് കെഎംആർഎൽ ആസൂത്രണം. ഡിഎംആർസിക്ക് പിഴച്ചിടത്താണ് കെഎംആർഎൽ പഠിക്കുന്നത്. സ്വാഭാവികമായി വെള്ളം ഒഴുകിചേരേണ്ട ഇടങ്ങളിൽ വലിയ മാറ്റങ്ങളില്ല.

പാലാരിവട്ടം കഴിഞ്ഞാൽ പടമുകൾ, കാക്കനാട്, ഇൻഫോപാർക്ക് പാതയിൽ താഴ്ന്ന പ്രദേശങ്ങൾ കുറവാണെന്നതാണ് രണ്ടാംഘട്ടത്തിലെ ആശ്വാസം. മാലിന്യം അടിഞ്ഞുകൂടി അടയുന്ന സ്ഥലങ്ങളിൽ ഓടകൾ വലുതാക്കുന്നതിന് ഇപ്പോഴെ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഇപ്പോഴത്തെ പദ്ധതികളൊക്കെ വെള്ളക്കെട്ടില്ലാത്ത സുന്ദര പദ്ധതികളാണ്. രണ്ടാം ഘട്ടത്തിൽ പുതിയ വെള്ളക്കെട്ട് എവിടെ വള്ളിക്കെട്ട് എവിടെ എന്നത് റോഡ് നവീകരണം പൂർത്തിയാകുമ്പോൾ അറിയാം