
ഒരുവർഷത്തിനിടെ സംസ്ഥാനത്തു പട്ടി കടിയേറ്റത് നാലര ലക്ഷം പേർക്ക്. 32 പേർ പേവിഷബാധയേറ്റു മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 2021 മുതൽ 2022 ആഗസ്റ്റ് വരെ 4,17,931 പേർക്ക് കടിയേറ്റെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 32 പേർ പേവിഷ ബാധയേറ്റ് മരിച്ചെന്നും കണക്കുകൾ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടും തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നതിനൊപ്പം ആക്രമണവും വർധിക്കുന്നുവെന്നാണ് കണക്കുകൾ.

തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സെപ്റ്റംബറിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുതലത്തിൽ 637 ഹോട്ട് സ്പോട്ട് കണ്ടെത്തി. 52,144 പഞ്ചായത്തിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിൽ 3256 തെരുവുനായ്ക്കും 2,43,950 വളർത്തുനായ്ക്കും വാക്സിനേഷൻ നൽകി. നഗരസഭതലത്തിൽ 12,022 തെരുവുനായ്ക്ക് വാക്സിനേഷൻ നൽകിയെങ്കിലും നിയന്ത്രണത്തിന് ഗുണകരമാകുന്ന നടപടികൾ ഇഴയുകയാണ്.






