
നക്ഷത്രം ഫലം
ആകാശ മണ്ഡലത്തിൽ മൂന്ന് നക്ഷത്രങ്ങൾ കൂടിച്ചേർന്ന് കുതിര മുഖം പോലെ കാണപ്പെടുന്നതാണ് അശ്വതി നക്ഷത്രം. ഈ നക്ഷത്രത്തിൽ ജനിച്ച ഭൂരിഭാഗം പേരും സൗഭാഗ്യവും സാമർത്ഥ്യവും സൗന്ദര്യവും ഉള്ളവരായിരിക്കും. ദേവത അശ്വിനി ദേവത, ഗണം ദേവൻ, യോനി പുരുഷൻ, മൃഗം കുതിര, പക്ഷി പുള്ള്, വൃക്ഷം കാഞ്ഞിരം, ഭൂതം ഭൂമി.
പ്രതികൂല നക്ഷത്രങ്ങൾ: മകയിരം, പുണർതം, ചിത്തിര, അനിഴം, തൃക്കേട്ട.
പൊതുവേ ഓർമ്മ ശക്തിയും വിവേചന സാമർത്ഥ്യവും ഉള്ള ഈ നക്ഷത്രക്കാർ അറിവ് സമ്പാദിക്കുന്നതിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. ഏതു കാര്യത്തിലും വളരെ ആലോചിച്ചു മാത്രമേ ഇവർ ഇടപെടുകയുള്ളൂ. എടുത്തുചാട്ടമോ വികാരങ്ങൾക്ക് അടിമപ്പെടുകയോ ചെയ്യാറില്ല. സാഹിത്യവും കലയും ആസ്വദിക്കുന്നവരും ആരെയും ആകർഷിക്കുന്ന മുഖഭാവം ഉള്ളവരും ആയിരിക്കും അശ്വതികാർ. ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്മാറുകയില്ല. ഈശ്വര വിശ്വാസികൾ ആണെങ്കിലും പഴകി തുരുമ്പിച്ച ആചാര അനുഷ്ഠാനങ്ങളിൽ ഇവർക്ക് യാതൊരു താൽപര്യവും ഉണ്ടാവുകയില്ല. സംഗീത, സാഹിത്യാദികളിൽ അറിവ് നേടുന്ന ഇവർ ഏത് കാര്യത്തെക്കുറിച്ചും അഗാധമായി ചിന്തിക്കുന്നവരാണ്. സാമ്പത്തികമായ കാര്യങ്ങളിൽ പിശുക്ക് കാണിക്കാറുണ്ട്. എങ്കിലും ചെലവിന് കുറവ് വരില്ല. വരവിൽ നിന്നുകൊണ്ട് ജീവിതം സുഭിക്ഷമാക്കാൻ ഇവർ ശ്രമിക്കും. കടക്കെണിയിൽ പെടാതിരിക്കാനും ഈ നക്ഷത്രക്കാർ ശ്രദ്ധിക്കാറുണ്ട്. സ്വന്തം കാര്യം നേടിയെടുക്കാൻ സാമർത്ഥ്യമുള്ള ഈ നാളുകാർ വഞ്ചനയിലും ചതിയിലും അകപ്പെടാതെ അകന്നു കഴിയും.
ഗണം ദേവൻ ആയതു കൊണ്ട് വേണ്ടുവോളം ദൈവാധീനം ഉണ്ടാകും.
ഈ നക്ഷത്രത്തിലെ സ്ത്രീകൾക്ക് സഹനശക്തിയും ക്ഷമാശീലവും പൊതുവേ കുറവായിരിക്കും. തന്റേടികൾ ആയിരിക്കും ഏറെ പേരും. ഐശ്വര്യവതികളും ആരെയും ആകർഷിക്കുന്ന പ്രകൃതക്കാരുമായ ഇവർക്ക് ഏകാഗ്രത കുറവാണ്. ക്ഷിത്രകോപികൾ ആയിരിക്കും. ഈ നക്ഷത്രക്കാരോട് ബന്ധുമിത്രാദികൾക്ക് പോലും അടുപ്പം കുറയും. വൈവാഹിക അവസരങ്ങളും അപസ്വരങ്ങളും പിണക്കങ്ങളും പതിവാണെങ്കിലും വേർപിരിയൽ ഉണ്ടാവുകയില്ല.
ഡോ. ചന്ദ്രലേഖ





