KeralaNEWS

യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ട്രാവല്‍ ഏജന്‍സി ഉടമ കോടികൾ തട്ടി, ഇരയായ യുവാവ് ജീവനൊടുക്കി

കണ്ണൂര്‍:  തളിപ്പറമ്പിലെ ട്രാവല്‍ ഏജന്‍സി സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി.  വയനാട് പുല്‍പ്പള്ളി സ്വദേശിയായ മൂത്തേടത്ത് ടോമി- വിന്‍സി ദമ്പതികളുടെ മകൻ അനുപ് ടോമി (24) ആണ് മരിച്ചത്. ജോലി തട്ടിപ്പിനിരയായ യുവാവ് വിദേശത്ത് നല്ലൊരു ജോലിയെന്ന സ്വപ്നം ബാക്കി വെച്ചാണ് ജീവനൊടുക്കിയത്.

ആറുലക്ഷം രൂപയാണ് യുവാവ് വിസയ്ക്കായി നല്‍കിയിരുന്നത്. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറോളം പേരില്‍ നിന്ന് തളിപ്പറമ്പ് സ്റ്റാര്‍ ഹൈറ്റ്‌സ് എന്ന സ്ഥാപനം കോടികള്‍ തട്ടിയെടുത്തെതായാണ് ആരോപണം. യു.കെ യിലേക്ക് വിസ വാഗ്ദാനം ചെയ്ത് സ്റ്റാര്‍ ഹൈറ്റ്‌സ് നിരവധി പേരില്‍ നിന്നായി ബാങ്ക് വഴിയും നേരിട്ടും അഞ്ചു ലക്ഷം മുതല്‍ ആറരലക്ഷം രൂപ വരെയാണ് വാങ്ങിയതായി പരാതിക്കാര്‍ പറയുന്നു.

പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ തിരികെ ലഭിക്കാതെയായ ഉദ്യോഗാര്‍ത്ഥികള്‍ ഉടമയായ .പി കിഷോറിനെ തേടിയെത്തിയപ്പോഴെക്കും ഇയാള്‍ ട്രാവല്‍ ഏജന്‍സി പൂട്ടി മുങ്ങുകയായിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പലരും ഉടമയുടെ വീട് തേടിയെത്തിയെങ്കിലും ഇയാള്‍ സ്ഥലത്തില്ല എന്ന വിവരമാണ് അറിഞ്ഞത്. ട്രാവല്‍ ഏജന്‍സി ഉടമയ്ക്കതിരെ ചിലര്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ആലക്കോട് സ്വദേശിയായ യുവാവ് ഉള്‍പെടെ ഏഴുപേരുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതേ ട്രാവല്‍ ഏജന്‍സി യുടെ  കൊച്ചിയിലെ ഓഫീസും പൂട്ടിയ നിലയിലാണ്.

Back to top button
error: