IndiaNEWS

സാമ്പത്തിക മേഖലയിൽ 2023-ന്റെ ആരംഭത്തോടെ 5 നിയമങ്ങളിൽ ചില മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരുന്നു

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പുതിയ കലണ്ടർ വർഷമായ 2023-ന്റെ ആരംഭത്തോടെ ചില മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഇതിനകം നിർദേശിക്കപ്പെട്ടിട്ടുണ്ട്. പെൻഷൻ സമ്പാദ്യത്തിൽ നിന്നുള്ള ഭാഗിക പിൻവലിക്കൽ, ക്രെഡിറ്റ് കാർഡുകളിലെ റിവാർഡ് പോയിന്റ് എന്നിങ്ങനെ 5 ഇനങ്ങളുമായി ബന്ധപ്പെട്ട് ജനുവരി 1 മുതൽ പ്രാബല്യത്തിലാകുന്ന നിയമങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.

1. ഇൻഷൂറൻസ് പോളിസികൾക്കും കെവൈസി നിർബന്ധമാകുന്നു

Signature-ad

ഇൻഷൂറൻസ് പോളിസി വാങ്ങുന്നതിനായി ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള കെവൈസി രേഖകൾ 2023 ജനുവരി മുതൽ നിർബന്ധമാക്കും. ലൈഫ്, ഹെൽത്ത്, മോട്ടോർ, ഹോം, ട്രാവൽ തുടങ്ങിയ എല്ലാവിധ ഇൻഷൂറൻസ് പോളിസികൾ വിൽക്കുന്നതിനും ഉപഭോക്താക്കളുടെ പക്കൽ നിന്നും കെവൈസി രേഖകൾ ഇൻഷൂറൻസ് കമ്പനി വാങ്ങിയിരിക്കണമെന്ന് ഇൻഷൂറൻസ് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ‘ഐആർഡിഎഐ’യാണ് നിർദേശിച്ചിരിക്കുന്നത്.

2. എൻപിഎസ് തുക പിൻവലിക്കുന്നതിനുള്ള നിയമത്തിൽ മാറ്റം

ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) നിന്നും സ്വയം സത്യവാങ്മൂലം നൽകി ഓൺലൈൻ മുഖേന ഭാഗികമായി തുക പിൻവലിക്കുന്നതിനുള്ള സൗകര്യം, 2023 ജനുവരി 1 മുതൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ലഭ്യമാകില്ലെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) അറിയിച്ചു. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭാഗിക പിൻവലിക്കൽ നിയമത്തിലെ മാറ്റം ബാധകമാണെന്നും പിഎഫ്ആർഡിഎ വ്യക്തമാക്കി. കൊവിഡ് മഹമാരിയുടെ പശ്ചാത്തലത്തിൽ 2021 ജനുവരിയിലാണ് ഓൺലൈൻ മുഖേന ഭാഗികമായി പെൻഷൻ സമ്പാദ്യം പിൻവലിക്കുന്നതിനുള്ള സൗകര്യം അനുവദിച്ചത്. അതേസമയം കോർപറേറ്റ് ഉൾപ്പെടെയുള്ള മറ്റു വിഭാഗങ്ങളിലെ എൻപിഎസ് വരിക്കാർക്ക് തുടർന്നും സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയിലൂടെ ഓൺലൈൻ മുഖേന ഭാഗികമായി തുക പിൻവലിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

3. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡിലൂടെ വാടക കൊടുക്കുന്നത്

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗപ്പെടുത്തി വാടക പണം കൊടുക്കുന്ന ഇടപാടുകൾക്ക് അധികമായി 1 ശതമാനം തുക വീതം 2023 ജനുവരി 1 മുതൽ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. വാടക പണം നൽകുന്ന ഇടപാടുകൾക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാർഡുകളിൽ ഇനി മുതൽ റിവാർഡ് പോയിന്റ് അനുവദിക്കുകയുമില്ല.

4. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റ്

  • എച്ച്ഡിഎഫ്‌സി ബാങ്ക് സ്മാർട്ട്‌ബൈ ഓൺലൈൻ പോർട്ടൽ വഴി വിമാന ടിക്കറ്റും ഹോട്ടൽ മുറിയും ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ പ്രതിമാസം റിഡംപ്ഷൻ ചെയ്യുന്നതിൽ 2023 ജനുവരി 1 മുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതുപ്രകാരം മാസത്തിൽ ഇൻഫിനിയ കാർഡുകൾക്ക് 1,50,000 റിവാർഡ് പോയിന്റും ഡൈനേർസ് ബ്ലാക്ക് വിഭാഗത്തിലെ കാർഡുകളിൽ 75,000 റിവാർഡ് പോയിന്റും മറ്റുള്ള കാർഡുകളിൽ 50,000 റിവാർഡ് പോയിന്റ് എന്ന നിലയിലും പരമാവധി റിഡംപ്ഷൻ നിജപ്പെടുത്തി.
  • സമാനമായി ഇൻഫിനിയ കാർഡുകളിലെ തനിഷ്‌ക് വൗച്ചറുകൾക്ക് ലഭിക്കുന്ന റിവാർഡ് പോയിന്റുകളുടെ റിഡംപ്ഷന്റെ പ്രതിമാസ ഉയർന്ന പരിധി ഇനി മുതൽ 50,000 ആയിരിക്കും.
  • അതുപോലെ ഗ്രോസറി ഇടപാടുകൾക്ക് ലഭിക്കുന്ന റിവാർഡ് പോയിന്റ് റിഡംപ്ഷൻ ചെയ്യുന്നതിനും പരിധി പുതുക്കി നിശ്ചയിച്ചു. ഇതുപ്രകാരം ഇൻഫിനിയ, ഡൈനേർസ് ബ്ലാക്ക്, റെഗലിയ, റെഗലിയ ഗോൾഡ്, റെഗലിയ ഫസ്റ്റ്, ബിസിനസ് റെഗലിയ, ബിസിനസ് റെഗലിയ ഫസ്റ്റ്, ഡൈനേർസ് പ്രിവിലേജ്, ഡൈനേർസ് പ്രീമിയം, ഡൈനേർസ് ക്ലബ്‌മൈൽസ്, ടാറ്റ് ന്യൂ ഇൻഫിനിറ്റി കാർഡുകളിൽ മാസം തോറും 2,000 റിവാർഡ് പോയിന്റും മറ്റുള്ള എല്ലാ കാർഡുകളിലും 1,000 റിവാർഡ് പോയിന്റായും റിഡംപ്ഷൻ പരിമിതപ്പെടുത്തി.

5. എസ്ബിഐ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റ്

സിംപ്ലിക്ലിക്ക്/ സിംപ്ലിക്ലിക്ക് അഡ്വാന്റേജ് എസ്ബിഐ കാർഡുകളിലൂടെ ആമസോൺ.ഇൻ മുഖേനയുള്ള ഓൺലൈൻ ഇടപാടുകൾക്ക് ’10X’ എന്ന തോതിൽ ഇതുവരെ ലഭിച്ചിരുന്ന റിവാർഡ് പോയിന്റുകൾ 2023 ജനുവരി 1 മുതൽ ‘5X’ എന്ന തോതിലേക്ക് നിജപ്പെടുത്തി. എന്നാൽ അപ്പോളൊ 24×7, ബുക്ക്‌മൈഷോ, ക്ലിയർട്രിപ്പ്, ഈസിഡൈനർ, ലൈൻസ്‌കാർട്ട് & നെറ്റ്‌മെഡ്‌സ് എന്നിവയിലെ ഓൺലൈൻ ഇടപാടുകൾക്ക് 10X എന്ന തോതിൽ റിവാർഡ് പോയിന്റ് വീതം തുടർന്നും ആർജിക്കാനാകുമെന്നും എസ്ബിഐ ബാങ്കിന്റെ വെബ്‌സൈറ്റിൽ സൂചിപ്പിക്കുന്നു.

Back to top button
error: