പട്ടാളക്കഥകളിലൂടെ മലയാള സിനിമയിലും സാഹിത്യത്തിൽ ഇടം നേടിയ പാറപ്പുറത്ത് അന്തരിച്ചിട്ട് 41 വർഷം

സിനിമ ഓർമ്മ
അരനാഴികനേരം, പണി തീരാത്ത വീട് തുടങ്ങിയ മികച്ച ചിത്രങ്ങളുടെ പേരിൽ ഓർമ്മിക്കപ്പെടുന്ന കഥാകാരൻ, പാറപ്പുറത്ത് അന്തരിച്ചിട്ട് 41 വർഷം. 1924 ൽ മാവേലിക്കരയിലായിരുന്നു ജനനം. 21 വർഷത്തോളം പട്ടാളത്തിൽ. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടറായിരുന്നു. 15 സിനിമകൾക്ക് തിരക്കഥ എഴുതി.
ഇന്ത്യാ- ചൈന യുദ്ധ പശ്ചാത്തലത്തിലെഴുതിയ സ്വന്തം നോവലായ ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ക്ക് വേണ്ടിയാണ് ആദ്യ തിരക്കഥ എഴുതിയത് (1963). നടൻ മധുവിന്റെ ആദ്യ ചിത്രമായിരുന്നു അത്. അന്വേഷിച്ചു കണ്ടെത്തിയില്ല, മനസ്വിനി എന്നീ കഥകൾ പി ഭാസ്ക്കരൻ സിനിമയാക്കി. ഓമന, മകനേ നിനക്ക് വേണ്ടി എന്നീ സ്വന്തം കൃതികളും സിനിമയായി.
അവാർഡുകൾ വാരിക്കൂട്ടിയ ‘പണി തീരാത്ത വീട്’ ആണ് പാറപ്പുറത്തിന്റെ എഴുത്ത് ജീവിതത്തിലെ മറ്റൊരു പൊൻതൂവൽ. കുടുംബപ്രശ്നങ്ങളുടെ കഥ പറഞ്ഞ ഈ കെ.എസ് സേതുമാധവൻ ചിത്രം ഇന്ന് നമ്മൾ കൂടുതൽ ഓർമ്മിക്കുന്നത് അതിലെ വയലാർ- എം.എസ് വിശ്വനാഥൻ പാട്ടുകളിലൂടെയാണ്. കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച എന്ന ഗാനവും ജയചന്ദ്രന് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത സുപ്രഭാതം, നീലഗിരിയുടെ സഖികളേ എന്ന ഗാനവും ഇന്നും മാസ്മരികതയോടെ നിലകൊള്ളുന്നു.
ഐ.വി ശശി സംവിധാനം ചെയ്ത, 1978 -ൽ റിലീസ് ചെയ്ത ഈ മനോഹര തീരം എന്ന ചിത്രത്തിന് വേണ്ടിയാണ് പാറപ്പുറത്ത് അവസാന തിരക്കഥയെഴുതിയത്. അതിലെ ബിച്ചു തിരുമല- ദേവരാജൻ പാട്ടുകളും സൂപ്പർ ഹിറ്റുകളായിരുന്നു (കടമിഴിയിതളാൽ, യമാശംഖൊലി വാനിലുയർന്നു.) മനോഹര തീരമാകുന്ന കുടുംബത്തിൽ ഒരു തെറ്റ് ഉണ്ടാക്കുന്ന ആകസ്മിക കൊടുങ്കാറ്റ് ആയിരുന്നു ചിത്രത്തിന്റെ പ്രമേയം.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ






