KeralaNEWS

സോളാർ പീഡന കേസ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്; പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി

ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ മുഴുവൻ സോളാർ പീഡന കേസുകളിലെയും പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.

തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ മുഴുവൻ സോളാർ പീഡന കേസുകളിലെയും പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.

വർഷങ്ങളായി കേരള രാഷ്ട്രീയത്തെ പിടുച്ചുകുലുക്കിയ സോളാർ പീഡന ബോംബ് ഒടുവിൽ ആവിയായി. സോളാർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ഉന്നയിച്ച പീഡന പരാതിയിൽ ഏറ്റവും അധികം കല്ലേറ് കൊണ്ടത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. എന്നാൽ ഉമ്മൻചാണ്ടിക്കെതിരായ പരാതികൾ പൂ‍ർണ്ണമായും തള്ളുകയാണ് സിബിഐ. ചികിത്സയിലായിരിക്കെ ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴിയാണ് കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടിക്ക് മേൽ വർഷങ്ങളായി കരിനിഴൽ വീഴ്ത്തിയിരുന്നത്.

Signature-ad

എന്നാൽ മൊഴിയിൽ പറഞ്ഞ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയിരുന്നില്ലെന്നാണ് സിബിഐ കണ്ടെത്തൽ. പീഡിപ്പിക്കുന്നത് പി സി ജോർജ് കണ്ടെന്ന മൊഴിയും കേന്ദ്ര ഏജൻസി തള്ളി. താൻ ദൃക്സാക്ഷിയാണെന്നത് കളവെന്നായിരുന്നു ജോർജിന്‍റെ മൊഴി. പീഡന പരാതിയിൽ ആദ്യമെടുത്തത് ബിജെപി ദേശീയ നേതാവായ എപി അബ്ദുള്ളക്കുട്ടിക്കെതിരായ കേസ്. അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീൻചിറ്റ് നൽകിയിരിക്കുകയാണ്. തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ ആരോപണം വിശ്വസനീയമല്ലെന്നാണ് കണ്ടെത്തൽ.

നേരത്തെ കെസി വേണുഗോപാൽ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിവരെയും വിവിധ കേസുകളിൽ കുറ്റവിമുക്തരാക്കിയായിയിരുന്നു സിബിഐ റിപ്പോർട്ട്. കെ സി വേണുഗോപാലിനെതിരെ വ്യാജതെളിവുണ്ടാക്കാൻ പരാതിക്കാരി ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്. കേസെടുക്കാൻ കെ സി അര ലക്ഷം രൂപ നൽകിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പരാതിക്കാരിയുടെ മുൻ മാനേജറുടെ കയ്യിൽ നിന്നും അരലക്ഷം രൂപ കണ്ടെത്തിയിരുന്നു. വേണുഗോപാലിന്‍റെ സെക്രട്ടറി തന്ന പണമാണെന്നായിരുന്നു ആരോപണം.

എന്നാൽ പണം നൽകിയത് പരാതിക്കാരി തന്നെയാണെന്നാണ് സിബിഐ കണ്ടെത്തൽ. ആറ് കേസുകളിലും പരാതിക്കാരിയുടെ മുഴുവൻ വാദങ്ങളും ഹാജരാക്കിയ തെളിവുകളും തള്ളിയാണ് സിബിഐ റിപ്പോർട്ടുകൾ. പരാതിക്കാരിയെ പൂർണ്ണമായും വിശ്വസിച്ച് കേസ് സിബിഐക്ക് വിട്ട സർക്കാറിനും ഇത് വൻതിരിച്ചടി. ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് തീരുമാനം. എന്നാൽ മറ്റ് കേസുകളിൽ സിബിഐ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി അറിയിച്ചു.

Back to top button
error: