പബ്ലിക് ടോയ്‍ലറ്റുകൾ ഉപയോഗിക്കാൻ മിക്കവരും മടി കാണിക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. അധികവും വൃത്തിഹീനമായ സാഹചര്യങ്ങളായതിനാലാണ് പബ്ലിക് ടോയ്‍ലറ്റുകൾ ഉപയോഗിക്കുന്നതിന് സ്ത്രീകൾ മടി കാണിക്കുന്നത്. ഇതിന് പുറമെ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ പിടിപെടുമോ എന്ന ഭയവും അധികപേരെയും അലട്ടാറുണ്ട്.
കാര്യമായും മൂത്രാശയ അണുബാധയാണ് ഇത്തരത്തിൽ പിടിപെടുന്നതായി ഏവരും മനസിലാക്കിയിട്ടുള്ളത്. ഇത് ശരിയാണ്. ഫംഗൽ അണുബാധയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്ന് വരാം. എന്നാൽ മൂത്രം ദീർഘനേരത്തേക്ക് പിടിച്ചുവയ്ക്കുന്നതും നിർജലീകരണവും (ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാത്ത അവസ്ഥ) ആണ് ഏറ്റവുമധികം മൂത്രാശയ അണുബാധയ്ക്ക് കാരണമായി വരുന്നത്.
ടോയ്‍ലറ്റ് സീറ്റ് ഉപയോഗിക്കുമ്പോൾ അതിൽ നിന്നും മൂത്രാശയ അണുബാധയുണ്ടാകാം. ഇത് കാര്യമായും പബ്ലിക് ടോയ്‍ലറ്റുകൾ ഉപയോഗിക്കുന്നതിലൂടെ തന്നെയാണ് സംഭവിക്കുന്നത്. ടോയ്‍ലറ്റ് സീറ്റിലൂടെ മൂത്രാശയ അണുബാധ പടരുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ്.
1. വൃത്തിഹീനമായ പബ്ലിക് ടോയ്‍ലറ്റ് ഉപയോഗിക്കുന്നതിലൂടെ.
2. സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കാൻ ടോയ്‍ലറ്റ് പേപ്പർ ഉപയോഗിക്കുമ്പോൾ അത് മലദ്വാരത്തിന് സമീപത്ത് നിന്ന് മൂത്രമൊഴിക്കുന്ന ഭാഗത്തേക്ക് തുടയ്ക്കുന്നതിലൂടെ. എപ്പോഴും മൂത്രമൊഴിച്ചുകഴിഞ്ഞാൽ പേപ്പറുപയോഗിക്കുന്നുണ്ടെങ്കിൽ മുന്നിൽ നിന്ന് പിന്നിലേക്കാണ് തുടയ്ക്കേണ്ടത്. അതുപോലെ പേപ്പറിൻറെ അവശിഷ്ടം സ്വകാര്യഭാഗങ്ങളിൽ തങ്ങിനിൽക്കുകയും അരുത്.
3. അണുബാധയുള്ളയാളുടെ മൂത്രം ശരീരത്തിൽ ആകുന്നതിലൂടെ.
ചിലർക്ക് മൂത്രം ഇറ്റുപോകുന്ന അവസ്ഥയുണ്ടാകാം. ഇവരിൽ നിന്ന് ടോയ്‍ലറ്റ് സീറ്റിലേക്ക് മൂത്രം അശ്രദ്ധമായി പോകാം. ഇതിൽ മറ്റൊരാൾ ഇരിക്കുന്നത് അണുബാധയിലേക്ക് നയിക്കാം. അതുപോലെ വൃത്തിയില്ലാത്ത അവസ്ഥയിലുള്ള കൈകൾ കൊണ്ട് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്നതും അണുബാധയിലേക്ക് നയിക്കാം. പ്രതിരോധശേഷി കുറഞ്ഞവരാണെങ്കിൽ ഇത്തരത്തിലുള്ള അണുബാധകൾ എളുപ്പത്തിൽ പിടികൂടുകയും ചെയ്യാം.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൂത്രാശയ അണുബാധ കൂടുതലും കാണാറുള്ളത്. അതുപോലെ വെസ്റ്റേൺ ടോയ്‍ലറ്റ് ഉപയോഗിക്കുന്നവരിലും കൂടുതലായി ഇത് കാണാം. ‘പയലോനെഫ്രൈറ്റിസ്’, ‘സിസ്റ്റൈറ്റിസ്’, ‘യുറീത്രൈറ്റിസ്’ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കെല്ലാം ഇത് കാരണമാകാറുണ്ട്. വളർച്ചയെത്താത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വരിക, ഗർഭസ്ഥ ശിശുവിൽ പല ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി പല പ്രയാസങ്ങളും ഇവയെ തുടർന്നെല്ലാം ഉണ്ടാകാം.
പബ്ലിക് ടോയ്‍ലറ്റുകളിൽ പോകുമ്പോൾ ടോയ്‍ലറ്റ് സീറ്റ് വെള്ളമൊഴിച്ച് കഴുകിയ ശേഷം ഉപയോഗിക്കുന്നതും, മൂത്രം മുഴുവനായി കളയുന്നതും, വൃത്തിയുള്ള തുണി കൊണ്ട് തുടയ്ക്കുന്നതും എല്ലാം മൂത്രാശയ അണുബാധയെ ചെറുക്കാൻ സഹായിക്കും.