കോഴിക്കോട്: ചെക്യാട് മഞ്ഞപ്പള്ളിയില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഗൃഹനാഥന് വെട്ടേറ്റു. മഞ്ഞപ്പള്ളി നെല്ലിക്കാപ്പറമ്പിലെ പൂത്തോളികുനിയില്‍ സുരേന്ദ്രന്‍ (48) നാണ് വെട്ടേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ വീടിന് സമീപത്തുവെച്ചാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ സഹോദരന്റെ മകളുടെ ഭര്‍ത്താവ് ശ്യാമപ്രസാദ് കാര്‍ കൊണ്ട് ഇടിച്ച് വീഴ്ത്തി വാള്‍ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ പോലീസിന് മൊഴി നല്‍കി.
പുറത്താണ് രണ്ട് വെട്ടുകള്‍ ഏറ്റത്. സംഭവ സമയത്ത് റോഡിലുണ്ടായിരുന്ന സ്ത്രീ ബഹളം വെക്കുകയായിരുന്നു ഇതിനിടെ വെട്ടേറ്റ് വീണ സുരേന്ദ്രന്‍ ഓടി രക്ഷപ്പെട്ടു. ശ്യാമ പ്രസാദ് നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് വരുന്നത് കണ്ട് കാറില്‍ കടന്ന് കളഞ്ഞു. സുരേന്ദ്രനെ നാദാപുരം ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല.
വളയം പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സുരേന്ദ്രന്റെ സഹോദരന്റെ മകന്റെ വിവാഹമായിരുന്നു ഞായറാഴ്ച. രാത്രി ഗാനമേളയ്ക്ക് ഇടയില്‍ ശ്യാമപ്രസാദും സുരേന്ദ്രനുമായി വാക്ക് തര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് സംശയിക്കുന്നതായി വളയം പോലീസ് പറഞ്ഞു.