CrimeNEWS

ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ്, പ്രതികൾ തട്ടിയത് ലക്ഷങ്ങൾ

ജോലിയുടെ പേരും പറഞ്ഞ് സംസ്ഥാനത്തുടനീളം പല കാലങ്ങളിലായി പല തരത്തിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ട്. അതിൽ ഏറ്റവും പുതിയതാണ് തിരുവനന്തപുരം ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പ്. 29 പേരിൽ നിന്നായി ഒരു കോടി എൺപത്തിയഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സ്ഥാപനത്തിലെ ലീഗൽ അസിസ്റ്റന്‍റ് ജനറൽ മാനേജർ ശശികുമാരൻ തമ്പി, തിരുവനന്തപുരം സ്വദേശി ദിവ്യ നായർ, ദിവ്യയുടെ ഭർത്താവ് രാജേഷ്, പ്രേംകുമാർ, ശ്യാംലാൽ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന ഈ വാർത്ത ലോകത്തിന് മുന്നിലെത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പ് പുറം ലോകത്തെത്തിക്കുന്നത്.


തിരുവനന്തപുരം സ്വദേശികളുടെ പരാതിയിൽ കഴിഞ്ഞ ഒക്ടോബറിൽ കന്‍റോൺമെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് നടപടികളിലേക്കൊന്നും കടന്നിരുന്നില്ല. ശനിയാഴ്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് ഞായറാഴ്ച മുഖ്യപ്രതി ദിവ്യയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അന്വേഷണം ആദ്യഘട്ടത്തിൽ തന്നെ ഉഴപ്പിയ പൊലീസിന് മറ്റ് പ്രതികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വാർത്ത വന്നതിന് പിന്നാലെ മറ്റ് 4 പ്രതികളും മുങ്ങി.
ശനിയാഴ്ച ഏഷ്യാനെറ്റ് ന്യൂസ് ഈ വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് ഇതിന്‍റെ വ്യാപ്തി ലോകം അറിയുന്നത്.


നിരവധി പേരെ പറ്റിച്ച ദിവ്യ നായ‍ർ മാത്രമല്ല വേറെയും ഇടനിലക്കാർ ഈ തട്ടിപ്പിന് പിന്നലുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലൂടെ ലോകത്തെ അറിയിച്ചു. മാത്രമല്ല, ടൈറ്റാനിയത്തിന് പുറമെ ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്ത് ദിവ്യ പണം തട്ടിയെന്ന വാർത്തയും പുറത്തെത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. തന്നെ തട്ടിപ്പിൽ കുടുക്കിയതാണെന്ന ദിവ്യയുടെ വാക്കുകളും ദിവ്യയുമായി പൊലീസ് മറ്റ് പ്രതികളുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിന്‍റെ ദൃശ്യങ്ങളുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് ഒന്നൊന്നായി പുറത്ത് വിട്ടു.

കേസിലെ മറ്റ് പ്രതികളെ കണ്ടെത്താതെ ഒളിച്ചുകളി തുടരുകയാണ് പൊലീസ്. മറ്റ് പ്രതികളെ കണ്ടെത്തിയാൽ മാത്രമേ കേസിന്‍റെ യഥാർത്ഥ വ്യാപ്തി മനസ്സിലാവുകയുള്ളു. തട്ടിപ്പ് വാർത്ത പുറത്ത് കൊണ്ട് വന്ന ഏഷ്യാനെറ്റ് ന്യൂസ് കാണിക്കുന്ന ജാഗ്രതയെങ്കിലും പൊലീസും ഈ കേസിന് നൽകണം. എന്നാലെ പരാതിക്കാർക്ക് എത്രയും വേഗം നീതി ലഭിക്കുകയുള്ളൂ.

Back to top button
error: