ലഖ്‌നൗ: കേരളത്തെ പരിഹസിക്കുന്ന യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ നിന്നൊരു വിചിത്ര വാർത്ത… യു. പിയിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി വിളിച്ചുവരുത്തിയത് മന്ത്രവാദിയെ! മഹോബ ജില്ലയിൽ നിന്നാണ് വിചിത്രമായ സംഭവം പുറത്തുവന്നത്. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച പതിനഞ്ചോളം വിദ്യാർത്ഥിനികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സംഭവം വിവാദമായതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ യുപി സർക്കാരിന് നോട്ടീസ് അയച്ചു.
അന്ധവിശ്വാസത്തിൻ്റെ പേരിൽ ഡിസംബർ 21 നായിരുന്നു സംഭവം. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനികളെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സ്‌കൂൾ മാനേജ്‌മെന്റ് മന്ത്രവാദിയെ വിളിച്ച് ചികിത്സിക്കുകയായിരുന്നുവെന്നാണ് ആരോപണം. പെൺകുട്ടികളെ മന്ത്രവാദി പൂജ ചെയ്യുന്നതിന്റെ ചെയ്യുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തു വരുകയും ചെയ്തു. പൊലീസ് ഇടപെട്ട് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ എത്തിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മാധ്യമ വാർത്തയ്ക്ക് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയായിരുന്നു. റിപ്പോർട്ടുകളിലെ ഉള്ളടക്കം ശരിയാണെങ്കിൽ ഇരയായ വിദ്യാർത്ഥികൾ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നോട്ടീസ് നൽകുകയും നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.