IndiaNEWS

ഒമ്പതാം ക്ലാസുകാരിക്ക് വിവാഹമുറപ്പിച്ച, സഹപാഠികൾ ഇടപെട്ടപ്പോൾ കുട്ടിയെ വരന്റെ വീട്ടിലേക്ക് മാറ്റി; വിടാതെ കൂട്ടുകാർ, പെൺകുട്ടിയെ വിട്ടയച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് ഭീഷണി, ഒടുവിൽ ആ കല്യാണം മുടങ്ങി

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം നിയമം മൂലം നിരോധിച്ചിരിക്കുകയാണ് നമ്മുടെ നാട്ടിൽ. എന്നാൽ, ഇന്ത്യയുടെ പല ഭാ​ഗത്തും ഇപ്പോഴും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം നടക്കുന്നുണ്ട്. അതുപോലെ പശ്ചിമബം​ഗാളിലെ മിഡ്നാപൂർ ജില്ലയിൽ ഒരു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ വിവാഹം വീട്ടുകാർ തീരുമാനിച്ചു. എന്നാൽ, സഹപാഠികൾ ചേർന്ന് പെൺകുട്ടിയുടെ വിവാഹം തടഞ്ഞു. ​ഗോലാർ സുശീല ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് സഹപാഠിയെ ബാലവിവാഹത്തിൽ‌ നിന്നും രക്ഷിച്ചെടുത്തത്.

ആദ്യം പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ച കാര്യം ക്ലാസിലെ മറ്റ് കുട്ടികൾ അറിഞ്ഞിരുന്നില്ല. എന്നാൽ, ഒരാഴ്ച തുടർച്ചയായി കുട്ടി ക്ലാസിൽ എത്താത്തത് സഹപാഠികളുടെ ശ്രദ്ധയിൽപെട്ടു. ഇതേ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ വിവാഹം ഉറപ്പിച്ച കാര്യം അറിയുന്നത്. ഇതോടെ ഈ വിദ്യാർത്ഥികൾ നേരെ പെൺകുട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്നു. കുട്ടിയെ സ്കൂളിലേക്ക് വിടണം എന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. മാതാപിതാക്കൾ സംഭവം കൈവിട്ടു പോവുമോ എന്ന് ഭയന്നെങ്കിലും കുട്ടിയെ സ്കൂളിലേക്ക് അയക്കാൻ തയ്യാറായില്ല. മാത്രമല്ല, ഇത് പ്രശ്നമാകുമോ എന്ന പേടിയെ തുടർന്ന് കുട്ടിയെ വരന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.

Signature-ad

എന്നാൽ, തങ്ങളുടെ കൂട്ടുകാരിയെ അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ സഹപാഠികൾ തയ്യാറായിരുന്നില്ല. അവർ നേരെ വരന്റെ വീട്ടിലും ചെന്നു. തങ്ങളുടെ സഹപാഠിയെ വിട്ടയച്ചില്ലെങ്കിൽ ഇവിടെ കുത്തിയിരുന്ന് സമരം നടത്തുമെന്നും ഇവർ വരന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതോടെ പെൺകുട്ടിയുടേയും വരന്റെയും വീട്ടുകാർ ഭയന്നു. കുട്ടിയെ അവളുടെ സഹപാഠികൾക്കൊപ്പം വിട്ടയച്ചു. ഏതായാലും ഒരു വലിയ അനീതിക്കെതിരെയും തങ്ങളുടെ സഹപാഠിയുടെ ഭാവിക്ക് വേണ്ടിയും ശക്തമായി നിലകൊണ്ട വിദ്യാർത്ഥികളെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് ചന്ദ്രപാഡിയ അഭിനന്ദിച്ചു.

സാമ്പത്തിക പ്രശ്നങ്ങൾ ഒരുപാടുള്ളത് കൊണ്ടാണ് കുട്ടിയെ നേരത്തെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചത് എന്ന് പെൺകുട്ടിയുടെ അയൽവാസികൾ പറഞ്ഞു. ഏതായാലും 18 വയസ് തികയാതെ ഇനി കുട്ടിയെ വിവാഹം കഴിപ്പിക്കില്ല എന്ന് കുടുംബം ഉറപ്പ് പറഞ്ഞതായി കേശ്പൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറായ ദീപക് കുമാര്‍ ഘോഷ് പറഞ്ഞു.

Back to top button
error: