ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ എത്രയുംവേഗം എടുക്കാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അതിതീവ്ര വ്യാപനശേഷിയുള്ള ബി.എഫ്-7 വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും ഐ.എം.എ. മുന്നറിയിപ്പ് നല്‍കി.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം, സാമൂഹിക അകലം പാലിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കൃത്യമായി കഴുകണം, സാനിറ്റൈസർ ഉപയോഗം തുടങ്ങിയവ തുടരണമെന്നും ഐ .എം.എ. നിർദേശം നല്‍കിയിട്ടുണ്ട്. വന്‍തോതില്‍ ആളുകള്‍ പങ്കെടുക്കുന്ന വിവാഹച്ചടങ്ങുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റും പൊതുയോഗങ്ങള്‍, വിദേശയാത്രകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു. പനി, തൊണ്ടവേദന, ചുമ, പേശീവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മടിച്ചിരിക്കാതെ െവെദ്യസഹായം തേടണം. കരുതല്‍ ഡോസ് എടുക്കാത്തവര്‍ എത്രയും വേഗം അത് എടുക്കണമെന്നും ഐ.എം.എ. അഭ്യര്‍ഥിച്ചു. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ഭീതിജനകമല്ല, അതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണെന്നും ഐ.എം.എ. ചൂണ്ടിക്കാട്ടി. അതേസമയം, കോവിഡ് െവെറസിന്റെ ബി.എഫ്-7 വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചതിനുശേഷമുള്ള സ്ഥിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ പറഞ്ഞു. വൈറസ് വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം നടത്താന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യാന്തര വിമാനയാത്രികരുടെ സാംപിള്‍ ശേഖരിച്ച് പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.