തിരുവമ്പാടി: ബഫർ സോൺ വിഷയത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാതെ മലയോരമേഖലയിലെ ജനങ്ങളെ നിശബ്ദമായി കുടിയിറക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ബിഷപ്പ് ആരോപണം ഉന്നയിച്ചത്.
നിരവധി തവണ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഒറ്റയ്ക്കും കൂട്ടായും ശ്രമിച്ചിട്ടുണ്ട്. എന്നാൽ അബദ്ധജടിലമായ മാപ്പ് പ്രസിദ്ധീകരിച്ച് ജനങ്ങളെ ആശങ്കയിൽ ആക്കുക മാത്രമാണ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത്. റവന്യൂ ഭൂമിയുടെ സ്ഥിതിവിവര കണക്ക് ശേഖരിക്കുവാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തിയത് തന്നെ സർക്കാരിന്റെ തെറ്റായ നയത്തിന്റെ സൂചനയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മറ്റു മൂന്നു മന്ത്രിമാരെ ഈ വിഷയങ്ങൾ പഠിച്ച് ഏകോപനം നടത്തുവാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.
കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സർക്കാരുകൾ ഈ വിഷയത്തിൽ ജനപക്ഷ നിലപാട് സ്വീകരിച്ച് കർഷകർക്കൊപ്പം നിന്നു. എന്നാൽ കേരളം മാത്രം കർഷക വിരുദ്ധമായ നിലപാടാണ് തുടർച്ചയായി സ്വീകരിക്കുന്നത്. ബഫർ സോൺ വനത്തിനുള്ളിൽ മാത്രം പരിമിതപ്പെടുത്തുവാൻ സർക്കാർ തയാറാകണം. ഈ വിഷയത്തിൽ റവന്യൂ മന്ത്രി നിശബ്ദമായിരിക്കുന്നത് ഒട്ടേറെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതാണ്. പ്രതിപക്ഷത്തായിരുന്നപ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് എത്തുമ്പോൾ മറ്റൊരു നിലപാടും എന്ന നയം ഇപ്പോഴത്തെ ഭരണാധികാരികൾക്ക് ഭൂഷണം അല്ലെന്നും ബിഷപ് പറഞ്ഞു.