CrimeNEWS

മലബാറിനെ ഞെട്ടിച്ച ക്രൂരമായ ഒരു കൊലപാതകത്തിൻ്റെ ചുരുളഴിയുന്നു: കൊലയാളിക്ക് പ്രായം 19 വയസ്, എട്ടുമാസത്തിനിടെ 2 കൊലപാതകങ്ങൾ

കോഴിക്കോട് നഗരത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഇതരസംസ്ഥാന തൊഴിലാളിയായ സാദിഖിൻ്റേത്. നഗരമധ്യത്തില്‍ നടന്ന ഈ കൊലപാതകത്തിലെ പ്രതിയെ ദിവസങ്ങള്‍ക്കകം വലയിലാക്കി പോലീസ്. തമിഴ്നാട് സ്വദേശിയായ അര്‍ജുനാണ് അറസ്റ്റിലായത്. 19 കാരനായ അര്‍ജുന്‍ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് കോഴിക്കോട്ടേത്. ഡിസംബര്‍ 11 ന് രാത്രിയാണ് സാദിഖിനെ അര്‍ജുന്‍ കൊലപ്പെടുത്തിയത്.

എട്ടുമാസം മുന്‍പ് ചെന്നൈയിലെ റെഡ് ഹില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 15 വയസ്സുള്ള കുട്ടിയെ അര്‍ജുന്‍ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ.പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍പോലീസും ചേര്‍ന്നാണ് പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയത്.

Signature-ad

ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സാദിഖ് ഷെയ്ഖ് പശ്ചിമബംഗാള്‍ സ്വദേശിയാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്ത് ആനിഹാള്‍ റോഡിലെ പ്‌ളാസ്റ്റിക് കുപ്പി നിര്‍മാണസ്ഥാപനത്തിന്റെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്ന പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന് അടുക്കിവെച്ച ചെങ്കല്ലുകള്‍ ദേഹത്ത് വീണ നിലയിലായിരുന്നു മൃതദേഹം.

വിവരമറിഞ്ഞ് പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മഴയില്‍ കുതിര്‍ന്ന മൃതദേഹവും പരിസരവും ഇന്‍സ്പെക്ടര്‍ ബൈജു കെ. പൗലോസും സംഘവും വിശദമായി പരിശോധിച്ചെങ്കിലും കൊലപാതകം സംബന്ധിച്ച യാതൊരു തെളിവും ലഭിച്ചില്ല. കല്ലുകൊണ്ട് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.

അതിഥിതൊഴിലാളിയായതുകൊണ്ട് ആദ്യം മൃതദേഹം ആരും തിരിച്ചറിഞ്ഞില്ല. ഈ ഘട്ടത്തിലാണ് സാദിഖിന്റെ കീശയിലുണ്ടായിരുന്ന ഫോണ്‍ ബെല്‍ അടിച്ചത്. കാള്‍ അറ്റന്‍ഡ് ചെയ്ത് സംസാരിച്ചപ്പോഴാണ്, മരിച്ചത് പശ്ചിമ ബംഗാള്‍ വര്‍ദ്ധമാന്‍ സ്വദേശി സാദിഖ് ഷെയ്ഖ് ആണെന്നും ഇയാള്‍ പുഷ്പ ജങ്ഷന് സമീപം എംബ്രോയിഡറി ജോലി ചെയ്യുന്ന വ്യക്തിയാണെന്നും പോലീസിന് മനസ്സിലായത്.

മൃതദേഹം കാണപ്പെട്ട വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി സി.സി.ടി.വി ക്യാമറകള്‍ കേടായി കിടക്കുകയായിരുന്നു. തുടര്‍ന്ന് മരിച്ചയാളുടെ കൂടെ ജോലി ചെയ്തിരുന്നവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സാദിഖ് ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും മുഴുവന്‍ സമയവും ഇയര്‍ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്യാറാണ് പതിവെന്നും മനസ്സിലായി.

ജോലി കഴിഞ്ഞ് രാത്രി സമയങ്ങളില്‍ ടൗണില്‍ നടക്കാനിറങ്ങാറുണ്ടെന്നും പത്തു മണിക്കു ശേഷമാണ് തിരികെയെത്തുക എന്നും കൂടെ ജോലി ചെയ്തിരുന്നവര്‍ പറഞ്ഞു. സാദിഖ് മരിച്ച ദിവസം ഞായറാഴ്ചയായിരുന്നു. അവധിദിനമായ അന്ന് ബിരിയാണിയുണ്ടാക്കി സാദിഖിനെ കാത്തിരിക്കുകയായിരുന്നു സുഹൃത്തുക്കള്‍. രാത്രി ഏഴേമുക്കാലിന് സാദിഖിനെ ഫോണ്‍ ചെയ്തപ്പോള്‍ മാര്‍ക്കറ്റിലാണെന്നാണെന്നും ഉടനെ വരാമെന്നും പറഞ്ഞു. പിന്നീട് ഒമ്പതേകാല്‍ മുതല്‍ വിളിച്ചെങ്കിലും ഫോണ്‍ റിങ് ചെയ്തതല്ലാതെ ആരും എടുത്തില്ല. കൂടെ ജോലിചെയ്യുന്ന എട്ടുപേരും സങ്കടത്തോടെയാണ് ആ രാത്രി ഓര്‍ത്തെടുത്തത്.

കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞത് ഇയാള്‍ മദ്യപിച്ചിരുന്നു എന്നാണ്. തുടര്‍ന്ന് പൊലീസ് തൊട്ടടുത്ത ബാര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

രാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദിഖ് ഒരു മൂലയില്‍ നിന്നുകൊണ്ട് മദ്യപിക്കുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ തന്റെ മുന്നിലുണ്ടായിരുന്ന വെളുത്ത ടീഷര്‍ട്ട് ധരിച്ച ചെറുപ്പക്കാരനെ അയാള്‍ പരിചയപ്പെട്ടു. കുറച്ച് കഴിഞ്ഞ് അവര്‍ ഒരുമിച്ച് ബാറില്‍ നിന്നും പുറത്തിറങ്ങി. കുറേ നേരം കഴിഞ്ഞ് വെളുത്ത ടീഷര്‍ട്ടുകാരന്‍ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതും ദൃശ്യത്തില്‍ കാണാം. ഈ വെളുത്ത ടീഷര്‍ട്ടുകാരന്‍ ആരാണെന്ന് കണ്ടെത്താനായി പൊലീസിൻ്റെ ശ്രമം.

അയാൾ തമിഴ്നാട് കടലൂര്‍ സ്വദേശി അര്‍ജുനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സ്വവര്‍ഗാനുരാഗിയായ സാദിക്ക് അര്‍ജുനേയും കൂട്ടി ആനിഹാള്‍ റോഡിലെ പറമ്പിലെത്തി. അവിടെവെച്ച് അര്‍ജുന്‍ സാദിക്കിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം പേഴ്‌സുമായി കടന്നുകളയുകയായിരുന്നു. കൊലപാതകം നടത്തിയശേഷം പ്രതി തമിഴ്നാട്ടിലെ കടലൂര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. ഉടന്‍ തന്നെ പ്രതിക്കായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. പ്രതിയെക്കുറിച്ച് കടലൂര്‍ ഭാഗങ്ങളില്‍ അന്വേഷിച്ചപ്പോഴാണ് അര്‍ജുന്‍ മറ്റൊരു കൊലപാതകക്കേസില്‍ ജാമ്യത്തിലിങ്ങി കേരളത്തിലേയ്ക്ക് മുണ്ടിയതാണെന്ന് മനസ്സിലായത്.

ചെന്നൈയിലെ റെഡ് ഹില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചു വയസ്സുള്ള കുട്ടിയെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നതാണ് അര്‍ജുന്റെ പേരില്‍ തമിഴ്‌നാട്ടിലുണ്ടായിരുന്ന കേസ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടന്നതായിരുന്നു ഇയാള്‍.

പ്രതി താമസിക്കുന്ന ചേരിയില്‍ പുലര്‍ച്ചെ നടത്തിയ ഓപ്പറേഷനില്‍ അര്‍ജുന്‍ പിടിയിലായി. കടലൂര്‍ പട്ടൈ സ്ട്രീറ്റ് സ്വദേശിയാണ് അര്‍ജുന്‍. പഴുതടച്ചുള്ള അന്വേഷണത്തിനൊടുവില്‍ പിടിയിലായ പ്രതി ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

പഴയ കൊലപാതക കേസ് നടത്തുന്നതിന് പണം ആവശ്യമായിവന്നപ്പോള്‍ എങ്ങനെയെങ്കിലും അതുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാമതൊരു കൊലപാതകത്തില്‍ കലാശിച്ചത്. ബാറില്‍നിന്നും പരിചയപ്പെട്ട സാദിഖ് ഷെയ്ഖിന്റെ കീശയില്‍ അര്‍ജുന്‍ പണം കണ്ടു. ഇതോടെ സാദിഖിന്റെ ആവശ്യത്തിനു വഴങ്ങി. എംബ്രോയിഡറി ജോലി ചെയ്ത് ലഭിച്ച ഏഴായിരം രൂപയോളം സാദിഖിന്റെ കയ്യിലുണ്ടായിരുന്നു.

ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദിഖിനെ കൊണ്ടുപോയ അര്‍ജുന്‍ ഇയാളെ താഴെ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ടാണ് കൊലപ്പെടുത്തിയത്. സാദിഖിന്റെ പഴ്സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.

Back to top button
error: