KeralaNEWS

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ കയറി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി, അജ്ഞാതന്റെ പിറകെ ഓടി കുട്ടിയെ രക്ഷിച്ച് അമ്മ

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് ഗുണ്ടായിസവും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും അരങ്ങേറാൻ തുടങ്ങിയിട്ട് കാലമേറെയായി. മോഷണവും അക്രമണങ്ങളും അവിഹിത വേഴ്ചകളും പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകുന്നതുമൊക്കെ പതിവു സംഭവങ്ങളാണ്. 6 മാസം മുമ്പാണ് കാമുകനെ ഭീക്ഷണിപ്പെടുത്താനായി ഭർതൃമതിയായ യുവതി നഴ്സിൻ്റെ വേഷം ധരിച്ച് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ഒടുവിൽ ഹോട്ടൽ മുറിയിൽ നിന്ന് കുഞ്ഞിനെ വീണ്ടെടുത്ത് സ്ത്രീയെ അകത്താക്കി. കഴിഞ്ഞ ദിവസം വീണ്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നു. പുരുഷന്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ വാര്‍ഡില്‍ കയറിയാണ് അജ്ഞാതന്‍ ഒന്നര വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

കഴിഞ്ഞദിവസം വൈകിട്ട് സ്ത്രീകളുടെ ഒബ്‌സേര്‍വേഷന്‍ വാര്‍ഡിലാണ് സംഭവം നടന്നത്. മുഴുവന്‍ സമയവും സുരക്ഷാ ജീവനക്കാരുള്ള ഇവിടെയാണ് അജ്ഞാതന്‍ സുഗമമായി കടന്നു ചെന്ന് ഒന്നര വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്. സംഭവം കണ്ട കുട്ടിയുടെ അമ്മ അജ്ഞാതന്റെ പിറകെ ഓടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

ആലപ്പുഴ സ്വദേശിനിയുടെ കുട്ടിയെ ആണ് എടുത്തുകൊണ്ട് പോയത്. കുട്ടിയുമായി ഒരാള്‍ പോകുന്നത് കണ്ട അമ്മ പുറകെ ചെന്ന് കുട്ടിയെ രക്ഷിച്ചു. പിന്നീട് ഇയാളെ കാണാതായെന്ന് യുവതി പറഞ്ഞു.

അതേസമയം മെഡിക്കല്‍ കോളജില്‍ നടക്കുന്നത് ദുരൂഹമായ കാര്യങ്ങളാണെന്ന് തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സുരക്ഷ ജീവനക്കാരുണ്ടായിട്ടും അജ്ഞാതര്‍ വാര്‍ഡിനകത്തേക്ക് കടന്നത് ഗൗരവമായി കാണണമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Back to top button
error: