വിമർശകരെ മസ്ക് പൂട്ടി; അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തു
സാൻഫ്രാൻസിസ്‌കോ: വാഷിങ്ടൺ പോസ്റ്റിലെയും ന്യൂയോർക്ക് ടൈംസിലെയും ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തു. അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ കാരണം എന്താണെന്ന് വ്യക്തമല്ല. ഇലോൺ മസ്കിനെ കുറിച്ചും ട്വിറ്റർ വാങ്ങിയതിന് ശേഷം അദ്ദേഹം വരുത്തിയ മാറ്റങ്ങളെ കുറിച്ചും എഴുതിയ മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾക്കാണ് പൂട്ട് വീണത്.
ട്വിറ്ററിൻറെ ഡോക്സിംഗ് നിയമം എല്ലാവരേയും പോലെ മാധ്യമപ്രവർത്തകർക്കും ബാധകമാണെന്ന് മസ്ക് ട്വീറ്റ് ചെയ്തു. മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ പൊതുസഞ്ചയത്തിൽ പങ്കിടുന്നത് പരിമിതപ്പെടുത്താനാണ് ട്വിറ്ററിൻറെ ഡോക്സിംഗ് റൂൾ ഉദ്ദേശിക്കുന്നത്. മസ്കിൻറെ പ്രൈവറ്റ് ജെറ്റിൻറെ യാത്രയുടെ തത്സമയ വിവരങ്ങൾ പങ്കുവെച്ച ഒരു അക്കൗണ്ട് വ്യാഴാഴ്ച ട്വിറ്റർ സസ്പെൻഡ് ചെയ്തിരുന്നു. ഡോക്സിംഗ് നിയമത്തിൻറെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളും പൂട്ടിയത് എന്നാണ് സൂചന.
“എല്ലാ ദിവസവും എന്നെ വിമർശിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ ഞാൻ എവിടെയാണ് നിൽക്കുന്നത് എന്നതിനെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ പങ്കിടുന്നതും എൻറെ കുടുംബത്തെ അപകടത്തിലാക്കുന്നതും അങ്ങനെയല്ല.” മറ്റൊരു ട്വീറ്റിൽ മസ്ക് പറഞ്ഞു.