തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോര്‍(25) തൃശ്ശൂര്‍ പാവറട്ടി സ്വദേശി നിഹാരിക(21), കൊല്ലം ചന്ദനത്തോപ്പ് മാമ്മൂട് സ്വദേശി മുഹമ്മദ് ഹനീന്‍(25) എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരേയുമാണ് മ്യൂസിയം പോലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ചയാണ് ചലച്ചിത്രമേള നടക്കുന്ന ടാഗോര്‍ തിയേറ്ററില്‍ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ റിസര്‍വേഷനെ ചൊല്ലി തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ചിലര്‍ ടാഗോര്‍ തിയേറ്ററില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം, ഡെലിഗേറ്റ് പാസ്സോ മതിയായ രേഖകളോ ഇല്ലാതെയാണ് പ്രതിഷേധക്കാര്‍ ടാഗോര്‍ തിയേറ്ററിലെ ഓഫീസിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പോലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ അതിന് കൂട്ടാക്കാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്നും തുടര്‍ന്ന് മൂന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായതെന്നും എഫ്.ഐ.ആറിലുണ്ട്.