IndiaNEWS

ഉദയനിധി സ്റ്റാലിന്‍ കായിക മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, സ്റ്റാലിന് പിൻഗാമി ഉദയനിധി എന്ന് ഉറപ്പായി

   തമിഴ്നാട്ടിൽ അധികാരത്തിലെത്തി ഒന്നര വര്‍ഷം പൂര്‍ത്തിയായപ്പോൾ മന്ത്രിസഭയില്‍ ഡി.എം.കെ മുഖ്യമന്ത്രി സ്റ്റാലിൻ്റ മകൻ ഉദയനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. ചെപ്പോക്കില്‍നിന്നുള്ള എംഎല്‍എയായ ഉദയനിധി കായിക വകുപ്പ് മന്ത്രിയായാണ് സ്ഥാനമേറ്റത്.
തമിഴ്നാട്ടിൽ സ്റ്റാലിന് രണ്ടാമനായി ഉദയനിധി ഉദിച്ചുയർന്നതോടെ തമിഴക രാഷ്ട്രീയത്തിൽ അടുത്ത തലമുറയും ചുവടുറപ്പിക്കുകയാണ്. ഡി.എം.കെയുടെ പുതിയ മുഖമായി ഉദയനിധിയെ ഉയര്‍ത്തിക്കാട്ടുകയാണു ലക്ഷ്യം.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, കനിമൊഴി എംപി ഉള്‍പ്പെടെ പ്രമുഖ ഡിഎംകെ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 45 വയസ്സുള്ള ഉഭയനിധി തിരക്കുള്ള ചലച്ചിത്ര നിര്‍മാതാവും നടനുമാണ്. ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായത്തിലെ നിര്‍ണായക ശക്തിയായ റെഡ് ജയന്റ് മൂവീസിന്റെ തലപ്പത്തുള്ള ഉദയനിധി, സിനിമയുടെ തിരക്കുകള്‍ മൂലമാണു മന്ത്രിപദവി ഏറ്റെടുക്കുന്നതു വൈകിയത്.

Signature-ad

ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തുന്നതോടെ മുഖ്യമന്ത്രി ഉൾപ്പടെ തമിഴ്‌നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 35 ആയി. തമിഴ്‌നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ മൂന്നാമനാണ് 45കാരനായ ഉദയനിധി. 37 വയസ്സുള്ള വിനോദസഞ്ചാര വകുപ്പ് മന്ത്രി ഡോ. മതിവേന്ദനാണ് ഏറ്റവും ചെറുപ്പം. സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി അന്‍പില്‍ മഹേഷിനും 45 വയസ്സാണ് പ്രായമെങ്കിലും ഉദയനിധിയെക്കാള്‍ ഏതാനും ദിവസങ്ങള്‍ക്ക് ഇളയതാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

2019 മുതല്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയാണ് ഉദയനിധി. 1982 മുതല്‍ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ വഹിച്ചിരുന്ന പദവിയാണിത്. 2021-ല്‍ തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു ഉദയനിധി. മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്ന പ്രത്യേക പദ്ധതികളുടെ നിര്‍വഹണ ചുമതല പുതിയ മന്ത്രിക്കായിരിക്കുമെന്ന് വാർത്തകളുണ്ട്.
ഉദയനിധിയുടെ ആദ്യ പൊതുപരിപാടി നാളെ ചെന്നൈ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തോടെ ആരംഭിക്കും.

Back to top button
error: